Fiction

ദൈവം അപരിചത പാതകളിലല്ല, സ്വന്തം ഹൃദയത്തിൽ തന്നെ

വെളിച്ചം

ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് അയാള്‍ ആ തീരുമാനമെടുത്തത്. തന്റെ രണ്ട് ഫാക്ടറികളും അടച്ചുപൂട്ടുക, എന്നിട്ട് ഈശ്വരാന്വേഷകനാകുക.

Signature-ad

അയാളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകളെത്തി. ഒരിക്കല്‍ പ്രഭാഷണത്തിനിടയില്‍ താന്‍ എല്ലാം ഉപേക്ഷിക്കാനുണ്ടായ കാരണം അയാള്‍ പറഞ്ഞു.

അയാളുടെ ഫാക്ടറിക്കടുത്ത് ഒരു നായ അപകടത്തില്‍ പെട്ട് രണ്ടുകാലും പരിക്കേറ്റ് കിടക്കുന്നു. അതിനെ അയാള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിറ്റേന്ന് അയാള്‍ മറ്റൊരു കാഴ്ചകണ്ടു. അനങ്ങാന്‍ കഴിയാതെ കിടക്കുന്ന ആ നായയ്ക്ക് വേറൊരു നായ ഭക്ഷണമെത്തിക്കുന്നു.
പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു.

“ദൈവം എല്ലാവരേയും സംരക്ഷിക്കുമെന്ന് അന്നെനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാൻ ഫാക്ടറിയും മറ്റു സ്ഥാപനങ്ങളും പൂട്ടിയത്. ഇന്നുവരെ എനിക്ക് യാതൊരു കുറവും വന്നിട്ടില്ല … ”

പ്രഭാഷണം കേട്ടുകൊണ്ടിരുന്ന ഒരാൾ അപ്പോള്‍ ആള്‍ക്കൂട്ടത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് അയാളെ പരിഹസിച്ചു കൊണ്ടു പറഞ്ഞു:

“നിങ്ങളിപ്പോള്‍ കാലൊടിഞ്ഞ നായയാണ്. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നു. പണ്ടു ഭക്ഷണം കൊടുത്ത നായയായിരുന്നു നിങ്ങള്‍….”

ഇത് കേട്ട് അയാളുടെ തല താഴ്ന്നു.
അധ്വാനമാണ് ആരാധന, കര്‍മമണ്ഡലമാണ് ദേവാലയം. അനുദിന ഭാഷണമാണ് പ്രാര്‍ത്ഥന. സ്വന്തം കർമ രംഗത്തു തന്നെ ഈശ്വരനെ കണ്ടെത്തുന്നതാണ് മറ്റെവിടെയെങ്കിലുമുള്ള ഈശ്വരനെ തേടുന്നതിലും എളുപ്പം.

ദിനചര്യകളിലൊന്നും ദൈവത്തെ കണ്ടെത്താത്ത ആള്‍ ദൈവത്തെകണ്ടെത്താനുള്ള പ്രത്യേക വഴി തേടി സഞ്ചരിക്കുന്നതിൽ എന്തര്‍ത്ഥം?
എല്ലാം ഉപേക്ഷിച്ച് ഈശ്വരനെ അന്വേഷിച്ച് അലയുക എന്നതു തെറ്റായ ആശയമാണ്.
ഉപേക്ഷിക്കേണ്ടത് സമ്പാദ്യവും ജോലിയും വസതിയുമല്ല. ദുഷ്ചിന്തകളും ദുശ്ശീലങ്ങളുമാണ്. പ്രതിരോധിക്കേണ്ടത് പ്രലോഭനങ്ങളേയും പരിശീലനങ്ങളേയുമാണ്. പാര്‍പ്പിടങ്ങളും തൊഴിലിടങ്ങളുമാണ് ഏറ്റവും ചൈതന്യമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്ന തിരിച്ചറിവില്‍ നിന്നാണ് സ്ഥിരവാസകേന്ദ്രങ്ങള്‍ പുണ്യസ്ഥലങ്ങളായി മാറുന്നത്. നമുക്ക് സ്വന്തം ഹൃദയത്തിൽ തന്നെ ദൈവത്തെ കാണാന്‍ ശീലിക്കാം.

ഈശ്വരാനുഗ്രഹം നിറഞ്ഞ ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപുകുമാർ

Back to top button
error: