രജപുത്ര രഞ്ജിത് നിർമിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിക്കുന്നു. മോഹൻലാലിന് ഒപ്പമുള്ള തന്റെ 56-ാം സിനിമയാണിതെന്ന് ശോഭന പറയുന്നു. എന്നാൽ മോഹൻലാലും ശോഭനയും 55 സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടില്ലെന്നും കേവലം 25 സിനിമകളിൽ മാത്രമാണ് ഒന്നിച്ചിട്ടുള്ളതെന്നും സഫീർ അഹമദ് എന്ന പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ എഴുതുന്നു. 1985 മുതൽ 2009 വരെ 25 സിനിമകളിൽ മാത്രമാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളതെന്ന് തെളിവുകൾ നിരത്തി സഫീർ സമർത്ഥിക്കുന്നു.
സഫീറിന്റെ കുറിപ്പ്:
‘‘മോഹൻലാലും ശോഭനയും മലയാളികളുടെ എക്കാലത്തെയും ഇഷ്ട താര ജോഡികളാണ്. തരുൺ മൂർത്തിയുടെ പുതിയ മോഹൻലാൽ സിനിമയിലും താനാണ് നായിക എന്ന് ശോഭന ഒരു വിഡിയോയിലൂടെ പങ്കുവച്ചിരുന്നു, ഒപ്പം ഇത് മോഹൻലാലിനോടൊപ്പം ഉള്ള 56ാം സിനിമയാണെന്നും ശോഭന പറഞ്ഞു. മുമ്പ് പല വേദികളിലും മോഹൻലാലിന്റെ കൂടെ 50 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ശോഭന പറഞ്ഞിട്ടുണ്ട്. മോഹൻലാൽ അത് ശരി വയ്ക്കുന്നതും കണ്ടിട്ടുണ്ട്.
സത്യത്തിൽ ലാലും ശോഭനയും 55 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് യാഥാർഥ്യം.വളരെ തെറ്റായിട്ടുള്ള ഒരു കണക്കാണിത്. ഇവർ ഒരുമിച്ച് 25 സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.1985 ൽ റിലീസായ കെ.എസ്. സേതുമാധവന്റെ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന സിനിമ മുതൽ 2009 ൽ റിലീസായ സാഗർ ഏലിയാസ് ജാക്കി വരെ 25 സിനിമകൾ മാത്രം.
1985
1.അവിടത്തെ പോലെ ഇവിടെയും
2.അനുബന്ധം
3.രംഗം
4.അഴിയാത്ത ബന്ധങ്ങൾ
5.വസന്തസേന
1986
6. ടി.പി.ബാലഗോപാലൻ.എം.എ
7.അഭയം തേടി
8.ഇനിയും കുരുക്ഷേത്രം
9.കുഞ്ഞാറ്റക്കിളികൾ
10.പടയണി
11.എന്റെ എന്റേത് മാത്രം
1987
12.നാടോടിക്കാറ്റ്
1988
13.ആര്യൻ
14.വെള്ളാനകളുടെ നാട്
1991
15.വാസ്തുഹാര
16.ഉള്ളടക്കം
1993
17.മായാമയൂരം
18.മണിച്ചിത്രത്താഴ്
1994
19.പവിത്രം
20.തേന്മാവിൻ കൊമ്പത്ത്
21.പക്ഷേ
22.മിന്നാരം
2000
23.ശ്രദ്ധ
2004
24.മാമ്പഴക്കാലം
2009
25. സാഗർ ഏലിയാസ് ജാക്കി
- മേൽപ്പറഞ്ഞവയാണ് മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച സിനിമകൾ. 25 സിനിമകൾ മാത്രം ചെയ്തിട്ട് ശോഭനയ്ക്ക് എവിടെ നിന്നാണ് ഈ 55 സിനിമകളുടെ കണക്ക് കിട്ടുന്നതെന്ന് മനസിലാകുന്നില്ല.’’