ഇന്ത്യൻ റയിൽവേയ്ക്ക് 171 വയസ്സ്.ഇന്ത്യയിൽ ആദ്യമായി തീവണ്ടി സർവീസ് ആരംഭിച്ചത് 1853 ഏപ്രിൽ16-നാണ്. ബോംബെ മുതൽ താനെ വരെ 34 കി.മീ. ആയിരുന്നു ആദ്യത്തെ സർവീസ്. ഇന്ത്യയിൽ ആദ്യത്തെ തീവണ്ടി ഓടിത്തുടങ്ങി 13 കൊല്ലം കഴിഞ്ഞാണ് തെക്കേ ഇന്ത്യയിൽ റെയിൽ ഗതാഗതം നടപ്പിൽവന്നത്.
കേരളത്തിൽ പോത്തന്നൂരിൽനിന്നും പട്ടാമ്പിവരെയുള്ള പാതയാണ് ആദ്യമായി നിർമിക്കപ്പെട്ടത്.1860-ൽ പണിതുടങ്ങി, 1861-ൽ കടലുണ്ടിവരേക്കും 1888-ൽ കോഴിക്കോട്ടേക്കും നീക്കപ്പെട്ട ഈ പാത വടകര (1901), തലശ്ശേരി (1902), കച്ചൂർ (1903), അഴീക്കൽ (1904), കുമ്പള (1906) വഴി 1907-ൽ മംഗലാപുരം വരെ എത്തിച്ചേർന്നു. 1888-ൽ പാലക്കാട്ടേക്കും 1927-ൽ നിലമ്പൂരേക്കുമുള്ള റെയിൽവേകളും നടപ്പിൽവന്നു.
1876-ൽ മാത്രമാണ് തിരുവിതാംകൂർ സർക്കാർ ഈ പദ്ധതി പരിഗണനയ്ക്കെടുത്തത്.ചെങ്കോട് ടയ്ക്കും ആര്യങ്കാവിനുമിടയിലുള്ള അഞ്ചു തുരങ്കങ്ങള്‍ കടന്ന് 1904 നവംബർ 24-ന് ആദ്യത്തെ തീവണ്ടി കൊല്ലത്തെത്തി. കൊല്ലം മുതൽ തിരുവനന്തപുരം (ചാക്ക) വരെയുള്ള പാതയുടെ പണി 1913-ൽ ആരംഭിച്ചു; 1918 ജനു. 1-ന് ഉദ്ഘാടനവും നടന്നു. ചാക്ക മുതൽ തമ്പാനൂർ (തിരു. സെന്‍ട്രൽ) വരെയുള്ള പാത 1931-ൽ മാത്രമാണ് തുറന്നത്.
1957-ൽ എറണാകുളം-കോട്ടയം മീറ്റർഗേജ് പാത പൂർത്തിയാക്കപ്പെട്ടു; 1958-ൽ ഇത് കൊല്ലംവരെ നീട്ടി. 1975 3-ന് എറണാകുളം-കൊല്ലം പാത ബ്രാഡ്ഗേജാക്കി.ഇതിനു പുറമേ തിരുവനന്തപുരത്തുനിന്നും ആലപ്പുഴ വഴി എറണാകുളത്തേക്കുള്ള തീരദേശ പാതയും(1989 ഒക്ടോബർ 16) നിലവിൽ വന്നു.