ഇടുക്കി: വ്യാഴാഴ്ചയാണ് ഫാത്തിമ കൊലക്കേസ് പ്രതികളായ കവിതയും അലക്സും അടിമാലിയില്‍ എത്തിയത്. കൈയിലുണ്ടായിരുന്ന കുറച്ചുപണംകൊണ്ട് മുറിയെടുത്ത് താമസിച്ചു. ഭാര്യയും ഭര്‍ത്താവുമാണെന്നും ജോലി തേടിയെത്തിയതാണെന്നും ഇവര്‍ പരിചയപ്പെട്ടവരോടെല്ലാം പറഞ്ഞു. മാസവാടകയ്ക്ക് താമസസ്ഥലം തേടി പല സ്ഥലത്ത് കറങ്ങിനടന്ന ഇവര്‍ യാദൃശ്ചികമായി ഫാത്തിമയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടിട്ടുണ്ടാകണം.
മകന്‍ മീന്‍ കച്ചവടത്തിന് പോകുമ്പോള്‍ ഫാത്തിമ തനിയെയാണെന്ന് പ്രതികള്‍ മനസ്സിലാക്കി. ശനിയാഴ്ച ഉച്ചയോടെ ഇവര്‍ ഫാത്തിമയുടെ വീടിനടുത്ത് അയല്‍വാസികളുമായി സംസാരിച്ച് സമയം കളഞ്ഞു. വൈകിട്ട് നാലു മണിയോടെ ഫാത്തിമയുടെ മകന്‍ വീട്ടില്‍ നിന്നു ടൗണിലേക്കു പോയതു കണ്ട് ഇരുവരും എത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു. അടുക്കളയിലേക്കു പോയ ഫാത്തിമയെ പിറകെ എത്തിയ പ്രതികള്‍ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
വയോധിക ബഹളമുണ്ടാക്കാന്‍ ശ്രമിച്ചതോടെ കവിത വായ പൊത്തിപ്പിടിക്കുകയും അലക്സ് കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന്റെ മുന്‍ഭാഗം മുറിച്ചും തലയില്‍ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറയുന്നു. തുടര്‍ന്നു 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും ഇടതു കയ്യില്‍ കിടന്നിരുന്ന വളയും ഊരിയെടുത്തു. സ്വര്‍ണമെന്ന് കരുതി ഊരിയ വള മുക്കുപണ്ടമായിരുന്നു. മുറിയില്‍ മുളകുപൊടി വിതറിയ ശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.
കൊല്ലത്തെ ഇ.എസ്.ഐ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായിരുന്നു അലക്സ്. പഴയ സഹപാഠിയായ കവിത ചികിത്സ ആവശ്യത്തിനായി അവിടെയെത്തിയപ്പോള്‍ അലക്സ് പരിചയം പുതുക്കി. ഭര്‍ത്താവുമായി അകന്ന് കഴിഞ്ഞിരുന്ന കവിത അലക്സുമായി പ്രണയത്തിലായി. പിന്നീടാണ് ഇരുവരും പോക്സോ കേസില്‍ പ്രതികളായി ജയില്‍ശിക്ഷ അനുഭവിച്ചത്. മൂന്ന് മാസം മുമ്പാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്.