ലക്ഷ്യം നിറവേറ്റാതെ ഗാസിപൂർ വിടില്ലെന്ന് കർശക സംഘടനാ നേതാവ് രാകേഷ് ടിക്കായത് തങ്ങളെ ഒഴിപ്പിക്കാൻ ആരും ഇവിടേക്ക് എത്തിയിട്ടില്ലെന്നും രകേഷ് പറഞ്ഞു. എന്ത് നടപടി നേരിടാനും തയാറാണ്. സമാധാനപരമായി പ്രതിരോധിക്കുമെന്നും രാകേഷ് കൂട്ടിച്ചേർത്തു.
ഗാസിപൂരിൽ പൊലീസ് അന്ത്യശാസനം നൽകിയിരിക്കുകയാണ്. കർഷകരോട് രാത്രി 11ന് മുൻപ് ഒഴിയണമെന്ന് പൊലീസ് ഉത്തരവിട്ടു. എന്നാൽ വെടിവച്ചാലും പിന്മാറില്ലെന്ന് കർഷകർ നിലപാട് കടുപ്പിച്ചു.
ഗാസിപൂരിലേക്കുള്ള പാതകൾ പൊലീസ് അടച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധവും, വെള്ളവും നേരത്തെ തന്നെ വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സമരക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയിരിക്കുന്നത്.
ഗാസിപൂരിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സമരക്കാർക്കെതിരെ പൊലീസ് യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്.
റിപബ്ലിക് ദിന സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രമണമുണ്ടെന്നും കർഷക സംഘടനകൾക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.