രക്ഷപെടുത്തിയ വിദേശികളില്‍ 27 പേർ പാകിസ്ഥാനികളും 30 പേർ ഇറാനികളുമാണ്. മലയാളിയായ നാവിക സേനാ മേധാവി ആർ. ഹരികുമാറിന്റെ നേതൃത്വത്തിലാണ് നാവിക സേന അഭിമാനത്തിന്റെ വെന്നിക്കൊടി പാറിക്കുന്നത്.
നേവിയുടെ ‘ഓപ്പറേഷൻ സങ്കല്പി’ന്റെ ഭാഗമായിട്ടായിരുന്നു രക്ഷാദൗത്യങ്ങള്‍. ചെങ്കടല്‍ മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തുന്ന മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങള്‍, അറബിക്കടലിലെയും കിഴക്കൻ സൊമാലിയൻ തീരത്തെയും കടല്‍ക്കൊള്ളക്കാരുടെ സാന്നിദ്ധ്യം എന്നീ പശ്ചാത്തലങ്ങള്‍ മുൻനിറുത്തിയാണ് നേവി ഓപ്പറേഷൻ സങ്കല്പ് ആരംഭിച്ചത്. ഇന്നലെ ദൗത്യത്തിന്റെ 100ാം ദിനമായിരുന്നു.
ഇക്കാലയളവിനിടെ 18 സമുദ്ര സുരക്ഷാ ദൗത്യങ്ങളിലാണ് നേവി ഭാഗമായത്. ക്രൂഡ് ഓയില്‍ അടക്കം 15 ലക്ഷം ടണ്‍ ചരക്കുകളാണ് വിവിധ വാണിജ്യ കപ്പലുകളെ രക്ഷിച്ചതിലൂടെ നേവി സുരക്ഷിതമാക്കിയത്.ഇതിനിടെ 3000 കിലോഗ്രാമിലേറെ മയക്കുമരുന്നും പിടികൂടി.
സൊമാലിയൻ കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട മാള്‍ട്ട രജിസ്ട്രേഷനുള്ള എം.വി. റുവൻ എന്ന കപ്പലിനെ 40 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ നേവി രക്ഷിച്ചതും 35 കടല്‍ക്കൊള്ളക്കാരെ കീഴടക്കിയതും അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു. അറബിക്കടലിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാവികസേന 10 യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. കടല്‍ക്കൊള്ളക്കാർക്കെതിരെ പ്രവർത്തിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച കൊച്ചിയിൽ നിന്നുള്ള മാർക്കോസ് കമാൻഡോകളും ഒപ്പമുണ്ട്.
ഇന്ത്യൻ നാവികസേനയുടെ പ്രത്യേക വിഭാഗമാണ് മാർക്കോസ് കമാൻഡോസ്. മറൈൻ കമാൻഡോസ് എന്നുള്ളതിൻ്റെ ചുരുക്കപ്പേരാണ് മാർക്കോസ്. ഒരർത്ഥത്തിൽ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ ദൗത്യ സംഘമായി ഇവരെ കണക്കാക്കുന്നു. സ്വാഭാവികമായി മറെെൻ കമാൻഡോകൾക്ക് കടലിൽ യുദ്ധം ചെയ്യാനുള്ള പരിശീലനം ലഭിക്കുമെങ്കിലും കടലിനു പുറമേ, കരയിലും പർവ്വതങ്ങളിലും വായുവിലും പ്രതികൂല കാലാവസ്ഥയെപ്പോലും വകവയ്ക്കാതെ പോരാടാൻ മാർക്കോസിന് കഴിയും.