KeralaNEWS

ഡിണ്ടിഗല്‍-കുമളി റെയില്‍പ്പാത യാഥാര്‍ഥ്യമാകുമോ?

കുമളി: മധുര-ബോഡിനായ്ക്കന്നൂർ റെയില്‍പ്പാത യാഥാർഥ്യമായതോടെ ഡിണ്ടിഗല്‍-കുമളി പാതയെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും ഉയരുന്നു.

ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചതോടെ 2009-ല്‍ ഡിണ്ടിഗല്‍-കുമളി റെയില്‍പ്പാത സജീവ ചർച്ചാവിഷയമായി ഉയർന്നുവന്നിരുന്നു. പദ്ധതി പ്രകാരം ഡിണ്ടിഗലില്‍നിന്ന് ചെമ്ബട്ടി, വത്തലഗുണ്ട്, പെരിയകുളം, തേനി, ബോഡിനായ്ക്കന്നൂർ, തേവാരം, കമ്ബം വഴി ലോവർ ക്യാമ്ബ് വരെയാണ് നൂറ് കിലോമീറ്ററിലധികം വരുന്ന നിർദിഷ്ട റെയില്‍പ്പാത.

 പദ്ധതിക്ക് ചെലവാകുന്ന അഞ്ഞൂറ് കോടിയിലധികം രൂപയുടെ പകുതി തമിഴ്നാടും പകുതി കേന്ദ്രവും അനുവദിക്കണമെന്നായിരുന്നു ആസൂത്രണ കമ്മിഷന്റെ നിർദേശം.എന്നാൽ കേരളവും പകുതി തുക ചിലവിടണമെന്ന തമിഴ്‌നാടിന്റെ പിടിവാശിയിൽ പദ്ധതി മുങ്ങിപ്പോയി.

Signature-ad

കേരളത്തിലെയും തമിഴ്നാട്ടിലെയും വിനോദ, തീർഥാടന, വ്യാപാരമേഖലകള്‍ക്ക് ഊർജം പകരുന്ന പദ്ധതിക്കായി ജനപ്രതിനിധികളുള്‍പ്പെടെ ആരും ശക്തമായ നിലപാടുകളുമായി അന്ന് രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.

മധുര-ബോഡിനായ്ക്കന്നൂർ റെയില്‍പ്പാത യാഥാർഥ്യമായതോടെയാണ് ഡിണ്ടിഗല്‍-കുമളി പാതയെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും ഉയർന്നുവന്നത്. ഈ രണ്ടുപാതയും തേനിയുമായി ബന്ധിപ്പിച്ചാല്‍ ഒരു റെയില്‍ സർക്യൂട്ടുണ്ടാകും. അതിനാലാണ് തേവാരം, കമ്ബം വഴി ലോവർ ക്യാമ്ബിലെത്തിക്കാമെന്നിരിക്കെ മുടങ്ങിയ പദ്ധതി വീണ്ടും നടപ്പാക്കാനുള്ള ശ്രമം സർക്കാരുകള്‍ നടത്തുന്നത്.

ഡിണ്ടിഗല്‍-കുമളി റെയില്‍പ്പാത യാഥാർഥ്യമായാല്‍ ഇടുക്കിക്ക് ഏറെ ഗുണങ്ങളുണ്ട്. ഹൈറേഞ്ചുകാർക്ക് റെയില്‍യാത്ര കൈയെത്തുംദൂരത്താകും എന്നുള്ളതാണ് ആദ്യത്തേത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീർഥാടകർക്ക് ഏറെ പ്രയോജനം ചെയ്യും.

വ്യാപാരവും വിനോദസഞ്ചാരവുമൊക്കെ വികസിക്കും. കേരളത്തില്‍നിന്നുള്ള ഏലം, കുരുമുളക് തുടങ്ങിയവയുടെയും തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുള്‍പ്പെടെയുള്ള ചരക്കുനീക്കവും എളുപ്പമാകും. ഇതിനൊപ്പം തമിഴ്നാട്ടിലെ വിവിധ വാണിജ്യകേന്ദ്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായകമാകും.

പദ്ധതിക്ക് വീണ്ടും ജീവൻവെപ്പിക്കാൻ തമിഴ്നാട് സർക്കാർ കേരളവുമായി ആശയവിനിമയം തുടങ്ങിക്കഴിഞ്ഞു. പാത യാഥാർഥ്യമായാല്‍ കുമളിയില്‍നിന്ന് 10 കിലോമീറ്റർ അകലെയുള്ള ലോവർ ക്യാമ്ബ് വരെ ട്രെയിനെത്തും.ഇവിടെ റെയില്‍വേ സ്റ്റേഷൻ വരുന്നതോടെ ഇതാകും ഇടുക്കി ജില്ലയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷൻ. മധുര-ബോഡിനായ്ക്കന്നൂർ പാതയിലെ ബോഡിനായ്ക്കന്നൂർ റെയില്‍വേസ്റ്റേഷനാണ് ഇപ്പോള്‍ ജില്ലയ്ക്ക് ഏറ്റവും അടുത്തുള്ളത്. 50 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.

പാതയെ പിന്നീട് കുമളി, എരുമേലി വഴി കോട്ടയത്തേക്കോ നിർദ്ദിഷ്ട അങ്കമാലി – എരുമേലി പാതയുമായോ ബന്ധിപ്പിക്കുന്നതേയുള്ളൂ.ചെറുവള്ളിയിൽ എയർപോർട്ട് കൂടി വരുന്നതോടെ രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് പൂർണമായും ഈ പാത ഉപകരിക്കും.

Back to top button
error: