തലശ്ശേരി: 47 വർഷങ്ങൾ നീണ്ട വടക്കെ മലബാറിന്റെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി- മാഹി ബൈപാസ് യാഥാർത്ഥ്യമായി. ഇന്ന് (തിങ്കൾ) രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ബൈപാസ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട്ടു നിന്ന് ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ നീളുന്നതാണ് 18.6 കിലോമീറ്റർ നീളമുള്ള പുതിയ ബൈപ്പാസ്. ഇത്രയും ദൂരം 20 മിനിറ്റിനകം പറന്നെത്താം. അതായത് നിലവിലെടുക്കുന്ന സമയത്തിന്റെ പകുതിയില്‍ താഴെ മാത്രം മതി.
ബൈപ്പാസ് യാഥാര്‍ഥ്യമായതോടെ ഇനി മാഹി, തലശ്ശേരി നഗരങ്ങളിലെ ഗതാഗതക്കുരുക്കില്‍ തൊടാതെ കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും ചീറിപ്പായാം. അഞ്ച് ദിവസത്തെ ട്രയൽ റണ്ണിനായി വ്യാഴാഴ്ച പാത വാഹനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. ഇതോടെ തലശേരി- മാഹി ദേശീയപാത വഴിയുള്ള ചരക്കുവാഹന ഗതാഗതം ഗണ്യമായി കുറഞ്ഞു. കണ്ണൂരില്‍നിന്ന് കോഴിക്കോടു ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ബൈപ്പാസുവഴിയാണ് പോകുന്നത്. മാഹി, തലശേരി ടൗണുകളില്‍ പതിവ് ഗതാഗതക്കുരുക്ക് ഉണ്ടായില്ല
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി, പുതുച്ചേരി പൊതുമരാമത്ത് മന്ത്രി കെ. ലക്ഷ്മി നാരായണൻ, പുതുച്ചേരി ലഫ്. ഗവർണർ ഡോ. തമിലിസൈ സൗന്ദര രാജൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കേന്ദ്രമന്ത്രി വി. മുരളീധരൻ, നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ പങ്കെടുക്കും. ബൈപാസ് ഉദ്ഘാടനം തലശ്ശേരി എരഞ്ഞോളി ചോനാടത്ത് തത്സമയം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഉദ്ഘാടന ശേഷം കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ ബസിൽ ചോനാടത്ത് നിന്ന് മുഴപ്പിലങ്ങാട് വരെ ബൈപാസ് യാത്ര നടത്തും. ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) റീജനൽ ഓഫിസർ ബി.എൽ. മീന ബൈപാസ് സന്ദർശിച്ചതിന് പിന്നാലെയാണ് പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടാനുള്ള തീരുമാനമുണ്ടായത്
ധർമടം, തലശ്ശേരി, മാഹി, വടകര നിയോജകമണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ബൈപാസിൽ നാല് വമ്പൻ പാലങ്ങളും ഒരു മേൽപാലവുമുണ്ട്. 893 കോടി രൂപയാണ് ബൈപാസിന് മതിപ്പ് ചെലവ് പ്രതീക്ഷിച്ചത്. പൂർത്തിയാവുമ്പോൾ 1300 കോടി രൂപയോളം ചെലവായി. 45 മീറ്റർ വീതിയിലാണ് റോഡ്. ഇരുഭാഗത്തും 5.5 മീറ്റർ വീതിയിൽ സർവിസ് റോഡുമുണ്ട്.
ബൈപാസിൽ നാല് വലിയ പാലങ്ങളും 22 അടിപ്പാതയും ഒരു മേൽപാതയും ഒരു റെയിൽവേ മേൽപാലവുമുണ്ട്. ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് സ്ഥലമെടുപ്പ് പൂർത്തിയാക്കി 2018ൽ പ്രവൃത്തി ആരംഭിച്ചത്. ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനായിരുന്നു കരാർ. കോവിഡും പ്രളയവുമാണ് നിർമാണം വൈകിപ്പിച്ചത്. ബൈപാസിലെ ടോൾ നിരക്ക് നേരത്തെ ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചതാണ്.
ടോൾപ്ലാസയിൽ ബാത്ത്റൂം, ടോയ്ലറ്റ് സംവിധാനങ്ങൾ ഇല്ല. ആംബുലൻസും മറ്റും കടന്നുപോവാനുള്ള എമർജൻസി ലൈനും ആവശ്യമാണ്. ബൈപാസിൽ വഴിയോര വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും തുടങ്ങിയിട്ടില്ല. ഇതിനുള്ള ടെണ്ടർ നടപടിയിലാണ് ദേശീയപാത വിഭാഗം.