ന്യൂഡല്‍ഹി: പുതുവര്‍ഷം ആഘോഷിക്കാന്‍ പോയി റഷ്യയില്‍ കുടുങ്ങി ഏഴംഗസംഘം. റഷ്യന്‍ സേന യുദ്ധത്തിനിറങ്ങാന്‍ നിര്‍ബന്ധിക്കുന്നെന്ന് കാണിച്ച് സംഘം എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തോക്ക് പിടിക്കാന്‍ പോലും അറിയാത്ത തങ്ങളെ യുദ്ധമുഖത്തേക്കിറങ്ങാന്‍ റഷ്യന്‍ സേന പ്രേരിപ്പിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് രക്ഷിക്കണമെന്നും സംഘം വീഡിയോയില്‍ പറയുന്നു.
ഗഗന്‍ദീപ് സിങ് (24), ലവ്പ്രീത് സിങ് (24), നരേന് സിങ് (22), ഗുര്‍പ്രീത് സിങ് (21), ഗുര്‍പ്രീത് സിങ് (23), ഹര്‍ഷ് കുമാര്‍ (19), അഭിഷേക് കുമാര്‍ (21) എന്നിവരാണ് സഹായം അഭ്യര്‍ഥിച്ചുള്ള വീഡിയോയിലുള്ളത്. ഇവരില്‍ അഞ്ചുപേര്‍ പഞ്ചാബില്‍ നിന്നും രണ്ടുപേര്‍ ഹരിയാനയില്‍ നിന്നുമുള്ളവരാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. ഗഗന് ദീപാണ് വീഡിയോയില്‍ തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് പറയുന്നത്.
പുതുവര്‍ഷം ആഘോഷിക്കാനായി 2023 ഡിസംബറിലാണ് ഏഴംഗസംഘം റഷ്യയിലേക്ക് പോയത്. 90 ദിവസത്തേക്കുള്ള റഷ്യന്‍ ട്രിപ്പിനുള്ള വിസയാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. എന്നാല്‍, പ്രത്യേകം വിസയുടെ ആവശ്യമില്ലെന്ന് ഗൈഡ് പറഞ്ഞതനുസരിച്ച് റഷ്യയ്ക്കടുത്തുള്ള ബെലാറസ് സന്ദര്‍ശിക്കാന്‍ പോയതോടെയാണ് ഇവര്‍ കുടുങ്ങിയത്. അവിടെയെത്തിയ ഏജന്റ് ഇവരോട് വീണ്ടും പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് അറിഞ്ഞതോടെ സംഘത്തെ വഴിയില്‍ ഇറക്കിവിട്ടു.
ഇവരെ റോഡില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് റഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. ”അവര്‍ ഞങ്ങളെക്കൊണ്ട് എന്തൊക്കെയോ പേപ്പറുകള്‍ ഒപ്പിടീച്ചു. ഭാഷ അറിയാത്തതിനാല്‍ എന്താണ് എഴുതിയിരുന്നതെന്ന് അറിയില്ല. പട്ടാളക്കാര്‍ക്ക് ഭക്ഷണം കൊടുക്കാനും വണ്ടി ഓടിക്കാനും സഹായിക്കണം എന്നുപറഞ്ഞാണ് ഉദ്യോഗസ്ഥര്‍ യുദ്ധമുഖത്തേക്ക് കൊണ്ടുവന്നത്. എന്നാലിപ്പോള്‍ യുക്രൈനെതിരെ യുദ്ധംചെയ്യണം എന്നാണ് പറയുന്നത്. ഞങ്ങള്‍ക്കാര്‍ക്കും തോക്ക് പിടിക്കാന്‍പോലും അറിയില്ല. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഞങ്ങളെ രക്ഷിക്കണം” – വീഡിയോയില്‍ ഗഗന് പറയുന്നു.
ഏഴുപേരും കൊടുംതണുപ്പിനെ അതിജീവിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പട്ടാളവസ്ത്രങ്ങള് ധരിച്ചാണ് വീഡിയോയിലുള്ളത്. 15 ദിവസത്തെ യുദ്ധ പരിശീലനം ലഭിച്ചതായി ഇവര്‍ വീഡിയോയില്‍ പറയുന്നു. കൂടെ പരിശീലനത്തില്‍ ഉണ്ടായിരുന്നവരില്‍ ചിലരെ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് യുദ്ധമുഖത്തേക്ക് കൊണ്ടുപോയിരുന്നു. വരുംദിവസങ്ങളില്‍ ഞങ്ങളെയും കൊണ്ടുപോകും. അതിനുമുമ്പ് തങ്ങളെ രക്ഷിക്കണമെന്നും ഇവര്‍ ഇവര്‍ വീഡിയോയില്‍ പറയുന്നു.