ഹരിയാനയിലെ ഫരീദാബാദില്‍ ഝലം എക്സ്പ്രസിലാണ് സംഭവം. ടിടിഇ ആദ്യം യുവതിയുടെ ലഗേജ് ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയും തുടർന്ന് ട്രെയിൻ നീങ്ങുന്നതിനിടെ തള്ളി പുറത്തേക്കിടുകയുമായിരുന്നു.
സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഫരീദാബാദിലെ എസ്ജിജെഎം നഗറില്‍ താമസിക്കുന്ന ഭാവനയ്ക്കാണ് പരിക്കേറ്റത്. ഝാൻസിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. ട്രെയിൻ പുറപ്പെടാനൊരുങ്ങിയതിനാല് തിടുക്കത്തില്‍ എസി കോച്ചില്‍ കയറിയ യുവതിയെയാണ് ടിടിഇ തള്ളിതാഴെയിട്ടത്.
ട്രെയിനില്‍ നിന്ന് താഴെ വീണ യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങി. ഇത് കണ്ട ട്രെയിനില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഉടൻ ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ യുവതിയെ പുറത്തെടുക്കുകയും ചെയ്തു. യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ സ്ത്രീയുടെ നില അതീവഗുരുതരമാണെന്ന് പറയപ്പെടുന്നു.
അതേസമയം യുവതിയെ തള്ളിയിട്ട ടിടിഇ ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാൻ പോലീസ് തിരച്ചില്‍ ആരംഭിച്ചു.ടിടിഇക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.