കഴിഞ്ഞ ദിവസം വർക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടെമ്ബിള്‍ റോഡിലെ സ്പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഒരു കുടുംബത്തിലെ 9 പേർ ഉള്‍പ്പെടെ 21 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്. കുഴിമന്തി, അല്‍ഫാം ഉള്‍പ്പെടെ ചിക്കൻ വിഭവങ്ങള്‍ കഴിച്ചവർക്കാണ് പ്രശ്നമുണ്ടായത്.
ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചവർക്കാണ് പല തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം മലപ്പുറം വേങ്ങരയിലെ സ്കൂളിലും ഭക്ഷ്യവിഷബാധയുണ്ടായി. കണ്ണമംഗലം എടക്കാപറമ്ബ് ജി എല്‍ പി സ്കൂളിലെ 18 കുട്ടികളും ഒരു അധ്യാപികയും ആണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.
അച്ഛനമ്ബലം കണ്ണമംഗലം ജി എം യു പി സ്കൂളില്‍ വെച്ച് നടന്ന എല്‍ എസ് എസ് പരീക്ഷ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉച്ചഭക്ഷണമായി ഇവർക്ക് സ്കൂളില്‍ നിന്ന് ചോറും ചിക്കൻ കറിയും അവിയലുമാണ് നല്‍കിയത്. ഈ സ്കൂളില്‍ ആകെ 195 കുട്ടികളാണ് പരീക്ഷയ്ക്ക് എത്തിയത്.
അതേസമയം സ്കൂളില്‍ സ്ഥിരം ഉപയോഗിക്കുന്ന അരി അല്ലെന്നും പുറമേ നിന്നുള്ള ഉത്പന്നങ്ങളാണ് ഉപയോഗിച്ചതെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.