റിപ്പബ്ലിക് ടിവിയ്ക്ക് ഉയർന്ന റേറ്റിംഗ് നൽകുന്നതിനുവേണ്ടി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമി പണം നൽകിയിട്ടുണ്ടെന്ന് ബാർക്ക് മുൻ സി ഇ ഒ പാർതോ ദാസ്ഗുപ്ത വെളിപ്പെടുത്തി. മുംബൈ പോലീസിന് നൽകിയ മൊഴിയിലാണ് ഗുരുതരമായ വെളിപ്പെടുത്തൽ.
ചാനലിൽ ഉയർന്ന റേറ്റിംഗ് നൽകിയതിന് മൂന്നു വർഷത്തിനിടെ 40 ലക്ഷം രൂപ ലഭിച്ചു എന്ന് പാർതോ പറഞ്ഞു. വിദേശ യാത്രയ്ക്ക് 12,000 അമേരിക്കൻ ഡോളർ നൽകിയെന്നും മുംബൈ പോലീസ് ഫയൽ ചെയ്ത അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു.
” 2004 മുതൽ അർണാബ് ഗോസ്വാമി യെ പരിചയമുണ്ട്. ടൈംസ് നൗൽ ഒന്നിച്ചു ജോലി ചെയ്തിരുന്നു. 2013ൽ താൻ ബാർക്ക് സിഇഒ ആയി ജോലിയിൽ പ്രവേശിച്ചു. 2017 ൽ അർണാബ് റിപ്പബ്ലിക് ടിവി ആരംഭിച്ചു. ചാനൽ തുടങ്ങുന്നതിനു മുമ്പായി അർണാബ് കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.
ചാനലിന് നല്ല റേറ്റിംഗ് നൽകിയാൽ പ്രത്യുപകാരം ചെയ്യാമെന്ന് അർണാബ് പരോക്ഷമായി സൂചിപ്പിച്ചു. റിപ്പബ്ലിക്ക് ടീവിയ്ക്ക് ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്നതിനുവേണ്ടി ഞാനും എന്റെ സഹായികളും റേറ്റിംഗിൽ കൃത്രിമം നടത്തി.2017 മുതൽ 2019 വരെ ഇത് ചെയ്തു.
2017 ൽ ലോവർ പരേലിലെ സെന്റ് റെജിസ് ഹോട്ടലിൽ വച്ച് അർണാബിനെ കണ്ടു. കുടുംബവുമായി ഫ്രാൻസ് -സ്വിറ്റ്സർലൻഡ് യാത്രക്കായി 6,000 ഡോളർ അർണാബ് എനിക്ക് നൽകി.2019-ൽ സ്വീഡൻ -ഡെന്മാർക്ക് യാത്രക്കായി 6,000 ഡോളർ കൂടി നൽകി.
2017 ൽ ഐടിസി ഹോട്ടലിൽ വച്ചുള്ള കൂടിക്കാഴ്ചയിൽ 20 ലക്ഷം രൂപ നൽകി.2018 ലും 2019ലും ഇതേ ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചകളിൽ 10 ലക്ഷം രൂപ വീതം നൽകി. “പാർതോ ദാസ് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം പാർതോയുടെ അഭിഭാഷകൻ അർജുൻ സിംഗ് മൊഴി നിഷേധിച്ചു രംഗത്തെത്തി.പാർതോയെ കൊണ്ട് മൊഴി നിർബന്ധിച്ച് പറയിപ്പിച്ചത് ആണെന്ന് അഭിഭാഷകൻ ആരോപിച്ചു. എന്നാൽ അർണാബിൽ നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.
3600 പേജുകളുള്ള അനുബന്ധ കുറ്റപത്രം മുംബൈ പോലീസ് ജനുവരി 11നാണ് ഫയൽ ചെയ്തത്. 59 വ്യക്തികളുടെ മൊഴികളാണ് കുറ്റപത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ബാർക്ക് ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട്, പാർതോയും അർണാബും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ, മുൻ കൗൺസിൽ ജീവനക്കാർ,കേബിൾ ഓപ്പറേറ്റേഴ്സ് എന്നിവരുടെ മൊഴികൾ തുടങ്ങിയവയാണ് അനുബന്ധ കുറ്റപത്രത്തിൽ ഉള്ളത്.
റിപ്പബ്ലിക് ടിവി,ടൈംസ് നൗ,ആജ് തക് തുടങ്ങിയ വാർത്താചാനലുകളുടെ പേരുകൾ, ചാനലുകൾക്ക് വേണ്ടി ബാർക്കിലെ ഉന്നത ഉദ്യോഗസ്ഥർ റേറ്റിംഗ് മുൻകൂട്ടി തയ്യാറാക്കിയ കാര്യങ്ങൾ തുടങ്ങിയവ ഓഡിറ്റ് റിപ്പോർട്ടിന്റെ ഭാഗമാണ്.
പാർതോ ദാസ്ഗുപ്ത, ബാർക്ക് മുൻ സി ഒ ഒ റോമിൽ ഗർഹിയ, റിപ്പബ്ലിക് മീഡിയ നെറ്റ്വർക്ക് സി ഇ ഒ വികാസ് ഖാൻ ചൻഡാനി എന്നിവർക്കെതിരെയാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ആദ്യ കുറ്റപത്രം 2020 നവംബറിൽ 12 പേർക്കെതിരെ ഫയൽ ചെയ്തിരുന്നു.