തിരുവനന്തപുരം: കുത്തഴിഞ്ഞ പുസ്തകമായിരുന്നു പൂക്കോട് വെറ്ററിനറി കോളേജെന്ന് വെളിപ്പെടുത്തി മുന്‍ വൈസ് ചാന്‍സിലറായിരുന്ന ബി. അശോക് ഐഎഎസ്. അധ്യാപകരും വിദ്യാര്‍ത്ഥികളും അനധ്യാപകരും തമ്മിലുള്ള കൂട്ടുകെട്ടുകള്‍ വളര്‍ന്ന് അഡ്മിനിസ്ട്രേഷന് നിയന്ത്രണാധികാരം നഷ്ടപ്പെട്ടതാവാം ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. കോളേജില്‍ അധ്യാപകരും വിദ്യാര്‍ഥികളും അനധ്യാപകരും തമ്മിലുള്ള കൂട്ടുകെട്ട് നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ പരമാവധി അത്തരം കൂട്ടുകെട്ടുകള്‍ വളരാതിരിക്കാനുള്ള നടപടികള്‍ എടുത്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യാപകര്‍ക്കുള്ള ക്വാര്‍ട്ടേഴ്സില്‍ വിദ്യാര്‍ഥികളെ വിളിച്ചുകൂട്ടി മദ്യപിച്ചതിന് അധ്യാപകനെതിരെ നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അധ്യാപകര്‍ക്കെതിരെയോ വിദ്യാര്‍ഥികള്‍ക്കെതിരെയോ നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അധ്യാപകരും വിദ്യാര്‍ഥികളും അനധ്യാപകരും ചേര്‍ന്ന് ഐക്യസമര സമിതി ഉണ്ടാക്കി പ്രതിരോധിക്കാന്‍ ശ്രമിക്കും. ഇത്തരത്തില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളേയും, വിദ്യാര്‍ഥികള്‍ അധ്യാപകരേയും ചൂഷണം ചെയ്യുന്ന സാഹചര്യം സര്‍വകലാശാലയില്‍ ഉണ്ടായിട്ടുണ്ട്.
ഹാജര്‍ ഇല്ലാത്ത വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചപ്പോള്‍ അധ്യാപകര്‍ സംഘടിച്ച് വിദ്യാര്‍ഥിയെ പിന്തുണച്ച സംഭവവും അദ്ദേഹം ഓര്‍ക്കുന്നു. വിദ്യാര്‍ഥി ഞായറാഴ്ച ക്ലാസിലെത്തി പ്രാക്ടിക്കല്‍ സെഷന് ഉള്‍പ്പടെ പൂര്‍ത്തിയാക്കിയെന്നും ഒരു കുട്ടിക്ക് വേണ്ടി അധ്യാപകര്‍ ഞായറാഴ്ച പ്രത്യേകം ക്ലാസ് എടുത്തുവെന്നുമാണ് അന്ന് അധ്യാപകര്‍ അറിയിച്ചത്. ഞായറാഴ്ച യൂണിവേഴ്സിറ്റിക്ക് ഔദ്യോഗിക അവധി ആയിട്ടും ക്ലാസ് എടുത്തെങ്കില്‍ അതിന് എന്തുകൊണ്ട് യൂണിവേഴ്സിറ്റിയില്‍ നിന്ന് അനുമതി വാങ്ങിച്ചില്ല എന്നു ചോദിച്ചപ്പോള്‍ പരീക്ഷ എഴുതാന്‍ കുട്ടിക്കും അധ്യാപകരായ ഞങ്ങള്‍ക്കും പ്രശ്നമില്ലെങ്കില്‍ സാറിനെന്താ പ്രശ്നം ഒപ്പിട്ടാല്‍ പോരെ എന്നാണ് തിരിച്ചുചോദിച്ചതെന്നും അശോക് ഓര്‍ക്കുന്നു. ഹാജര്‍ ഇല്ലാതെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് തീരുമാനം എടുത്തതില്‍ വിദ്യാര്‍ഥിയുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വി.സി. ആയിരുന്ന കാലത്ത് രാഷ്ട്രീയ സ്വാധീനത്തില്‍ ഉളള നിയമനങ്ങള്‍ ഒഴിവാക്കിയിരുന്നു. റാഗിങ് ഒഴിവാക്കാന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ക്യാമ്പസിന് പുറത്തുള്ള മറ്റ് ഹോസ്റ്റലുകളിലാണ് താമസിപ്പിച്ചിരുന്നത്. അഡ്മിനിസ്ട്രേഷന് എടുക്കുന്ന തീരുമാനങ്ങളേയും നടപടികളേയും പ്രതിരോധിക്കാന്‍ അധ്യാപക വിദ്യാര്‍ഥി അനധ്യാപക സംഘടനകള്‍ ഒരുമിച്ച് നീങ്ങുകയും അത് തടയാതിരിക്കുകയും ചെയ്യുമ്പോള്‍ അഡ്മിനിസ്ട്രേഷന് സ്വതന്ത്രാധികാരം ഇല്ലാതാവുകയും അത് ഇത്തരം കാര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസ്സില്‍ സിദ്ധാര്‍ത്ഥ് മര്‍ദ്ദനത്തിനിരയാവുന്നത് കണ്ടിട്ടും പുറത്തുപറയാതെയിരുന്നത് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ക്യാമ്പസ്സില്‍ നിന്ന് പുറത്തുപോവേണ്ടി വരുമെന്നും മര്ദ്ദനത്തിനിരയാവുമെന്ന് ഭയന്നിട്ടെന്നുമായിരുന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയത്. ഒരു പെണ്‍കുട്ടിയുടെ പരാതിയുടെ പേര് പറഞ്ഞാണ് നാട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥിനെ ക്യാമ്പസ്സിലേക്ക് തിരിച്ചു വിളിച്ചത്. ഫെബ്രുവരി 16ന് ക്യാമ്പസിലെ പാറപ്പുറത്തും വാട്ടര്‍ ടാങ്കിനടുത്തുവെച്ചും സിദ്ധാര്‍ഥനെ ഒരു സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സിദ്ധാര്‍ത്ഥിന്റെ ഫോണ്‍ കൈവശപ്പെടുത്തിയ സംഘം സിദ്ധാര്‍ഥനെ കോളജിലെ ഔദ്യോ?ഗിക വാട്സാപ് ഗ്രൂപ്പുകളില്‍നിന്നു പുറത്താക്കുകയും ചെയ്തു. പിന്നീട് വീട്ടില്‍ നിന്ന് അമ്മ വിളിച്ചപ്പോള്‍ മാത്രമാണ് ഫോണില്‍ സംസാരിക്കാന്‍ സിദ്ധാര്‍ത്ഥിന് അവസരം കൊടുത്തത്.
ഫെബ്രുവരി 17ന് ഹോസ്റ്റലിന്റെ നടുമുറ്റത്തു പരസ്യവിചാരണക്കിരയായ സിദ്ധാര്‍ത്ഥിനെ നഗ്നനാക്കി കയറുകൊണ്ടു കെട്ടിയിട്ട് കൂട്ടമായി ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട പിജി വിദ്യാര്‍ഥികളാണ് പിന്നീട് ആന്റി റാഗിങ് സെല്ലിന് പരാതി നല്‍കിയിട്ട് കാര്യമില്ലെന്ന് കണ്ട് യുജിസിക്ക് പരാതി നല്‍കിയത്. ഇതിനിടെ അധ്യാപകരിലൊരാള്‍ ക്യാമ്പസ്സില്‍ ഉണ്ടായ സംഭവം അറിയിച്ച് ഗവര്‍ണര്‍ക്ക് പരാതി മെയിലായി അയക്കുകയും ചെയ്തിരുന്നു.
സിദ്ധാര്‍ത്ഥിന്റേത് പ്രണയ നൈരാശ്യം മൂലമുണ്ടായ ആത്മഹത്യാ ശ്രമം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഒരു വിഭാഗം അധികൃതരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളും ഉണ്ടായി. സിദ്ധാര്‍ത്ഥിന്റെ മരണ ശേഷം ഡാന്‍സ് പാര്‍ട്ടിക്കിടെ സിദ്ധാര്‍ത്ഥ് തന്നോട് മോശമായി പെരുമാറി എന്ന പരാതിയുമായി ഒരു പെണ്‍കുട്ടി അധികൃതരെ സമീപിച്ചു. ഈ പരാതി ഡീന്‍ സ്വീകരിക്കുന്നത് ഒരു വിഭാഗം അധ്യാപകര്‍ തടയുകയായിരുന്നു. ഇങ്ങനെ ഒരു പരാതി ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഇത്രയും ദിവസം അറിയിക്കാന്‍ വൈകി? വിദ്യാര്‍ഥി മരിച്ച ശേഷം എന്തുകൊണ്ടാണ് പരാതി എന്നുമായിരുന്നു അന്ന് പരാതി സ്വീകരിക്കുന്നതിനെതിരെ ഒരു വിഭാഗം അധ്യാപകര്‍ ഉയര്‍ത്തിയ ചോദ്യം. അതോടെയാണ് പരാതി രേഖാമൂലം സ്വീകരിക്കാന്‍ ഡീന്‍ വിസമ്മതിച്ചത്.
ഒരു കലാലയത്തിലെ അന്തരീക്ഷത്തിന് നിരക്കാത്ത പലകാര്യങ്ങളും പൂക്കോട് ക്യാമ്പസ്സില്‍ നടക്കുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അധ്യാപകരും എസ്എഫ്ഐ നേതാക്കളായ വിദ്യാര്‍ഥികളും ഹോസ്റ്റലിലെ നടുമുറ്റത്ത് ഇരുന്ന് മദ്യപിക്കുന്നത് പതിവാണ്. ക്യാമ്പസ്സിന് അകത്തുനടക്കുന്ന എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ പരിപാടികള്‍ ഡീന്‍ ഉദ്ഘാടനം ചെയ്യാറുണ്ട്. സംഘടനാ പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നത് അധ്യാപകരുടെ ഒത്താശയോടെയാണ്, പിന്നെ എങ്ങനെ ഇത്തരം സംഭവങ്ങളില്‍ പരാതി നല്‍കുമെന്നും പരാതി നല്കിയാല് അക്രമികള്‍ സംരക്ഷിക്കപ്പെടുകയും പരാതിക്കാര്‍ പുറത്താവുകയുമല്ലേ ഉണ്ടാവുകയെന്നും വിദ്യാര്‍ഥികള്‍ ചോദിക്കുന്നു. സംഭവം കണ്ടിട്ടും സിദ്ധാര്‍ത്ഥിന്റെ മരണ വിവരം അറിഞ്ഞിട്ടും ഒന്നു പുറത്ത് പറയാനും തയ്യാറാവാതിരുന്ന വിദ്യാര്‍ഥികള്‍, പിജി വിദ്യാര്‍ഥികള്‍ യുജിസിക്ക് നല്കിയ പരാതി ചര്‍ച്ചയായ ശേഷമാണ് സംഭവം അറിഞ്ഞിരുന്നുവെന്നെങ്കിലും പുറത്ത് പറയാന്‍ തയ്യാറായത്. അത്രയ്ക്ക് പേടിയോടെയാണ് ക്യാമ്പസ്സിലും ഹോസ്റ്റലിലും കഴിയുന്നതെന്നും കുട്ടികള്‍ പറയുന്നു.
കോര്‍ട്ട് വിചാരണയും, വഴങ്ങാത്തവര്ക്കെതിരെയുള്ള അക്രമവുമെല്ലാം തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. എന്നാല്‍ ഇതിലൊന്നും അധ്യാപകര്‍ ഇടപെടില്ലെന്നും എല്ലാത്തിനും മൗനാനുവാദം നല്കുന്ന സമീപനമാണ് ഒരു വിഭാഗം സ്വീകരിക്കുന്നതെന്നും ആരോപണം ഉണ്ട്. കോളേജില്‍ എസ്എഫ്ഐയെ നയിക്കുന്നത് ക്രിമിനല്‍ മനോഭാവം ഉള്ള കുറേപേരാണെന്നും ആരോപണമുണ്ട്. അവരുടെ നിയന്ത്രണത്തിലാണ് എല്ലാ കാര്യങ്ങളും. എസ്എഫ്ഐ സമരം ചെയ്താല്‍ പരീക്ഷ വരെ യൂണിവേഴ്സിറ്റി മാറ്റിവെക്കുമെന്നും ആരോപണങ്ങളുണ്ട്.