കോട്ടയം: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് കെഎം മാണി സാറിന്റെ കല്ലറയില്‍ പുഷ്പചക്രം അര്‍പ്പിച്ച് അനുഗ്രഹം തേടി. കര്‍ഷക നേതാവ് കെഎം മാണി സാറിന്റെ കല്ലറയ്ക്കരികില്‍ കര്‍ഷക ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്ത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി മാണി സാറിന്റെ അനുഗ്രഹം തേടി കല്ലറയില്‍ പുഷ്പചക്രം അര്‍പ്പിക്കാനെത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കര്‍ഷകസംരക്ഷണ പ്രതിജ്ഞ എടുത്തത്.
കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വക്കറ്റ് മോന്‍സ് ജോസഫ് എംഎല്‍എ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കാര്‍ഷിക വിളകളുടെ വില തകര്‍ച്ച, വന്യജീവി ആക്രമണം, തുടങ്ങിയ പ്രതിസന്ധികളില്‍ ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ക്ക് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കര്‍ഷക ആത്മഹത്യകള്‍ രാജ്യത്തും സംസ്ഥാനത്തും തുടര്‍ക്കഥയാകുമ്പോള്‍ അധികാര കേന്ദ്രങ്ങള്‍ നോക്കുകുത്തികളാകുന്നതിനെതിരെ പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തി. കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.
പാലായിലെ മുന്‍കാല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായിരുന്ന കെ.എം.ചാണ്ടി, ആര്‍.വി. തോമസ്, എം.എം. ജേക്കബ് എന്നിവരുടെ കബറിടത്തുങ്കലും ഫ്രാന്‍സിസ് ജോര്‍ജ്ജ് പുഷ്പ്പാര്‍ച്ചന നടത്തി. അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, പാര്‍ട്ടി സെക്രട്ടറി ജനറല്‍ അഡ്വക്കേറ്റ് ജോയ് എബ്രാഹം, ഉന്നതാധികാര സമിതി അംഗം എം.പി. ജോസഫ്, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, പ്രിന്‍സ് ലൂക്കോസ്, അഡ്വ. ജയ്‌സണ്‍ ജോസഫ്, ബിനു ചെങ്ങളം, ജോര്‍ജ്ജ് പുളിങ്ങാടന്‍, തങ്കച്ചന്‍ മള്ളൂശ്ശേരി, ആന്റണി തുപ്പലഞ്ഞിയില്‍, സന്തോഷ് കാവുങ്കാട്ട്, ബാബു മുക്കാല, പ്രസാദ് ഉരുളികുന്നം, ജോഷി വട്ടക്കുന്നേല്‍, തുടങ്ങിയവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
കിടങ്ങൂര്‍ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ കാവടി മഹോത്സവ ഘോഷയാത്രയിലും അഡ്വ കെ. ഫ്രാന്‍സിസ് ജോര്‍ജ്ജും, മോന്‍സ് ജോസഫ് എംഎല്‍എ ഉള്‍പ്പടെ വിവിധ കേരളാ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.