തിരുവനന്തപുരം: സിഎംആര്‍എല്‍ കമ്പനിയുടെ സഹോദര സ്ഥാപനമായ കെആര്‍ഇഎംഎലിനു ധാതുഖനനത്തിന് അനുമതി നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിയമവിരുദ്ധമായി ശ്രമം നടത്തിയെന്നും അതിനുള്ള പ്രത്യുപകാരമാണു മകള്‍ വീണയ്ക്കും കമ്പനിക്കും ലഭിച്ച പണമെന്നും മാത്യു കുഴല്നാടന് എംഎല്‍എ ആരോപിച്ചു. 2004ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിക്കുകയും 10 ദിവസത്തിനകം റദ്ദാക്കുകയും ചെയ്ത ഖനനാനുമതി 2018-19ല്‍ വീണ്ടും നല്കാന് മുഖ്യമന്ത്രി താല്പര്യമെടുത്തതായി കുഴല്നാടന് ആരോപിച്ചു.
ഇതിനായി ഫയല്‍ വിളിച്ചുവരുത്തി. പ്രത്യേക യോഗം വിളിച്ചു. സ്വകാര്യമേഖലയില്‍ കേന്ദ്രം ധാതുമണല്‍ ഖനനം നിയന്ത്രിച്ച ശേഷവും കെആര്‍ഇഎംഎലിനു വേണ്ടി മുഖ്യമന്ത്രി ശ്രമം തുടര്‍ന്നുവെന്നും കുഴല്നാടന് ആരോപിച്ചു. തിങ്കളാഴ്ച നിയമസഭയില്‍ എഴുതി നല്‍കുകയും സ്പീക്കര്‍ അനുമതി നിഷേധിക്കുകയും ചെയ്ത ആരോപണമാണു വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ഇടപെടല്‍ പരാമര്‍ശിക്കുന്ന ഫയല്‍ കുറിപ്പുകള്‍ ഉള്‍പ്പെടെ ആരോപണത്തിന് ആധാരമായ തെളിവുകളും കുഴല്നാടന് പുറത്തുവിട്ടു. ശശിധരന് കര്‍ത്തായുടെ ഉടമസ്ഥതയിലുള്ള കേരള റെയര്‍ എര്‍ത്ത് മിനറല്‍സ് ലിമിറ്റഡിന് (കെആര്‍ഇഎംഎല്‍) 2004ല്‍ ആലപ്പുഴ ആറാട്ടുപുഴ വില്ലേജില്‍ കരിമണല്‍ വാരാന്‍ നാലിടത്തായി 46 ഏക്കര്‍ തീരഭൂമി പാട്ടത്തിനു നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണ്.
എതിര്‍പ്പുയര്‍ന്നതോടെ അനുമതി റദ്ദാക്കി. കെആര്‍ഇഎംഎല്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചു. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചെങ്കിലും ഖനനം ധാതുനിക്ഷേപത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ പാട്ടത്തിനു നല്കിയ സ്ഥലം പ്രത്യേക വിജ്ഞാപനത്തിലൂടെ സര്‍ക്കാരിന് തിരിച്ചെടുക്കാമെന്നു വ്യക്തമാക്കി.
2016 ഏപ്രിലില്‍ തിരഞ്ഞെടുപ്പു സമയത്തായിരുന്നു ഉത്തരവ്. പിന്നീടുവന്ന പിണറായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തില്ല. 2016 ഡിസംബറിലാണു കര്‍ത്തായുടെ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കു മാസം 5 ലക്ഷം രൂപ വീതം നല്കിത്തുടങ്ങിയത്. ഇതിനു പിന്നില്‍ ഖനന താല്പര്യമായിരുന്നു കുഴല്നാടന് ആരോപിച്ചു. കെആര്‍ഇഎംഎലിനു നല്കിയ ഭൂമി തിരിച്ചെടുത്തിട്ടില്ലെന്നു കുഴല്നാടന് ആരോപിച്ചു. ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചാല്‍ തെളിവുകളുടെ 2 ഭാഗങ്ങള്‍ കൂടി പുറത്തുവിടുമെന്നും മുന്നറിയിപ്പ് നല്കി.