മാര്‍ച്ചിനെ നേരിടാന്‍ ഡല്‍ഹി ഇതുവരെ കണ്ടിട്ടില്ലാത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനിടെ തന്നെ കര്‍ഷകരെ പിന്തിരിപ്പിക്കാന് ചര്‍ച്ചയ്ക്ക് തയ്യാറായി നിരവധി കേന്ദ്രമന്ത്രിമാര്‍ ചണ്ഡിഗഡിലേക്ക് പറന്നെത്തിയിരിക്കുകയാണ്. ഇതു രണ്ടാംവട്ട ചര്‍ച്ചയാണ് കര്‍ഷകരുമായി നടത്തുന്നത്.
2021 ല്‍ രാജ്യത്തെ ഇളക്കിമറിച്ച കര്‍ഷക പ്രക്ഷോഭത്തിനു ശേഷം ഇപ്പോഴത്തെ ഡല്‍ഹി ചലോ മാര്‍ച്ച് എത്രമാത്രം പ്രകമ്ബനം ഉണ്ടാക്കുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അതും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ.
കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ലഭ്യമാക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.ഫെബ്രുവരി 13നും 15നും മധ്യേയാണ് ഡല്‍ഹി ചലോ മാര്‍ച്ച്.
കര്‍ഷകര്‍ ഡല്‍ഹിയിലേക്കു കടക്കാതെ നോക്കാന്‍ പൊലീസും സുരക്ഷാ സേനയും എല്ലാ പഴുതുകളുമടച്ച് നില്‍ക്കുമ്പോഴാണ് നിരവധി കേന്ദ്രമന്ത്രിമാര്‍ കർഷകരുടെ സംഘടനകളുമായി ചർച്ച നടത്താൻ ചണ്ഡീഗഡിലെത്തിയിരിക്കുന്നത്.
കേന്ദ്രഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍, കൃഷി മന്ത്രി അര്ജുന് മുണ്ഡ എന്നിവരാണ് ചണ്ഡിഗറില്‍ രണ്ടാംവട്ട ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ജഗജിത് സിംഗ് ഡാലെവാള്, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി ജനറല്‍ സെക്രട്ടറി സര്വാന് സിംഗ് പാന്ഥര്‍ എന്നിവരാണ് കര്‍ഷകര്‍ക്കുവേണ്ടി രംഗത്തുള്ളത്.
അതിനിടെ, കര്‍ഷക മാര്‍ച്ചിനെ പോലീസിനെ ഉപയോഗിച്ച് നേരിടുന്നതിനെതിരെ കക്ഷി ഭേദമെന്യെ നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഗവണ്മെന്റിനെ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.