തൃശൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പു നടന്നത്. ബാങ്ക് ജീവനക്കാരൻ രണ്ടരക്കോടിയുടെ തട്ടിപ്പു നടത്തിയതായി ബാങ്ക് സെക്രട്ടറി വിനോദ് കുമാർ പഴയന്നൂർ പൊലീസിൽ പരാതി നൽകി. ബാങ്കിലെ ഹെഡ് ക്ലർക്ക് തിരുവില്വാമല ചക്കച്ചൻകാട് സ്വദേശി കോട്ടാട്ടിൽ വീട്ടിൽ സുനീഷിനെതിരെയാണ് പരാതി.
സമാന രീതിയിൽ തന്നെയാണ് കാഞ്ഞിരപ്പള്ളി പാറത്തോട് അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലെ തട്ടിപ്പുകളും. സ്ഥാപനത്തില്‍ സ്ഥിര നിക്ഷേപം നടത്തിയ യുവാവിനെ പലിശയോ മുതലോ നല്‍കാതെ കബിളിപ്പിച്ചെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. പാറക്കടവ് സ്വദേശി എബി ജോണ്‍ നല്കിയ പരാതിയില്‍ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു.
സ്ഥാപനത്തിലെ ജീവനക്കാരിയായ ഷിബിനയെ ഒന്നാം പ്രതിയായും കോണ്‍ഗ്രസിൻ്റെ മുൻ പഞ്ചായത്തംഗവും ബാങ്ക് പ്രസിഡൻ്റുമായ സൈമണ്‍ ഇലഞ്ഞി മറ്റം, കോണ്‍ഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡൻ്റും ബാങ്ക് സെക്രട്ടറിയുമായ ടി.എം ഹനീഫ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികള്‍ പരാതിക്കാരനെ ബാങ്ക് നിരക്കിനേക്കാള്‍ ഉയർന്ന പലിശ നിരക്ക് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 29,25,000 രൂപ സ്ഥിര നിക്ഷേപം ചെയ്യിക്കുകയും 1,50,000 രൂപ പലിശയായി നല്കി ബാക്കി പലിശയോ മുതലോ നല്‍കാതെ വിശ്വാസവഞ്ചന കാണിച്ചു എന്നുമാണ് കേസ്.
സഹകരണ വകുപ്പിന്റെ പരിശോധനയില്‍ സ്ഥാപനത്തില്‍ സമാനരീതിയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുള്ളതായും കോടികളുടെ തട്ടിപ്പ് നടന്നതായും ബോധ്യപ്പെട്ടു. തട്ടിപ്പ് സ്ഥിരീകരിച്ചതോടെ സ്ഥാപനം പോലീസ് സീല്‍ ചെയ്തു
തിരുവില്വാമല സർവീസ് സഹകരണ ബാങ്കിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അയൽവാസികളുടെയും പേരിലുള്ള ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ ഹെഡ് ക്ലർക്ക് സുനീഷ് വ്യാജരേഖയും വ്യാജ ഒപ്പും ഉപയോഗിച്ച് പലപ്പോഴായി ബാങ്കിൽ നിന്നും പിൻവലിച്ചു.
വകുപ്പു തലത്തിൽ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് തിരിമറി കണ്ടെത്തിയത്. ഓഡിറ്റിങിലും ചില തട്ടിപ്പുകളുടെ സൂചന ലഭിച്ചിരുന്നു. കോൺഗ്രസ് ഭരണസമിതിയുടെ അറിവോടെയാണ് തട്ടിപ്പെന്നും വൈകാതെ സുനീഷിൻ്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.