NEWSWorld

മൂന്ന് ആര്‍ത്തവ കാലത്തിന് മുമ്പേ വിവാഹം, ഇമ്രാനും ബുഷ്‌റയ്ക്കും ശിക്ഷ കിട്ടാന്‍ കാരണം ‘ഇദ്ദ’

ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ശിക്ഷ ലഭിക്കാന്‍ കാരണം ഇസ്ലാമിക നിയമമായ ഇദ്ദയുടെ ലംഘനം. ഇസ്ലാമിക നിയമപ്രകാരം പുനര്‍ വിവാഹത്തിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഇരുവരെയും കോടതി ഏഴു വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്. ബുഷറയുടെ ആദ്യ ഭര്‍ത്താവിവ് ഖവാര്‍ മനേക നല്‍കിയ പരാതിയിലാണ് നടപടി. നിയമപ്രകാരം വിവാഹ മോചിതയായതോ ഭര്‍ത്താവ് മരിച്ചതോ ആയ സ്ത്രീ പുനര്‍ വിവാഹിതയാകുമ്പോള്‍ മൂന്ന് ആര്‍ത്തവകാലം കഴിയണം.

സ്ത്രീ ഗര്‍ഭിണിയാണോ എല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി കാത്തിരിക്കുന്ന കാലഘട്ടത്തെ ഇദ്ദ എന്നാണ് വിളിക്കുക. എന്നാല്‍, ഇമ്രാന്‍-ബുഷ്‌റ വിവാഹത്തില്‍ ഇദ്ദ മാനദണ്ഡം ലംഘിച്ചെന്നും വിവാഹമോചിതയായി മൂന്ന് ആര്‍ത്തവകാലത്തിന് മുമ്പേ ബുഷ്‌റ, ഇമ്രാന്‍ ഖാനെ വിവാഹം ചെയ്‌തെന്നുമാണ് ആദ്യ ഭര്‍ത്താവ് പരാതിയില്‍ ഉന്നയിച്ചത്.

Signature-ad

2018 ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. 71 കാരനായ ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും ജയില്‍ ശിക്ഷക്ക് പുറമെ, അഞ്ച് ലക്ഷം രൂപയും പിഴ വിധിച്ചു. കഴിഞ്ഞ ദിവസം തോഷഖാന കേസില്‍ ഇമ്രാനും ഭാര്യക്കും ഇസ്ലാമാബാദ് കോടതി 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇമ്രാന്‍ ഖാനെതിരെ ഇത് നാലാമത്തെ കോടതി ശിക്ഷവിധിയാണ് പുറത്ത് വന്നിരിക്കുന്നത്.

നേരത്തെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസില്‍ ഇന്നലെ 10 വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ ഇമ്രാന്‍ ഉയര്‍ത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇമ്രാന്‍ ഇപ്പോള്‍ ജയിലിലാണ്.

 

Back to top button
error: