പത്തനംതിട്ട: സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിക്കുന്നു.വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് കാരണമായി പറയപ്പെടുന്നത്.
വേനലിൽ പൊതുവെ ചെറുനാരങ്ങയുടെ വിലവർധിക്കാറുണ്ടെങ്കിലും ഇത്തവണ ജനുവരിയിൽ തന്നെ വില കുത്തനെ കൂടിയിരിക്കുകയാണ്.
ദിവസങ്ങള്‍ക്ക് മുൻപ് കിലോക്ക് 50-60 രൂപയായിരുന്നു ചെറുനാരങ്ങയുടെ വില. ഒരാഴ്ചക്കിടെ അത്100- 130 എന്ന നിലയിലെത്തി. വേനല്‍ വരും ദിവസങ്ങളില്‍ കനക്കുമെന്നിരിക്കെ നാരങ്ങയുടെ വില ഇനിയും ഉയരാനാണ് സാധ്യത.
വൈറ്റമിൻ സി ധാരാളമുള്ളതിനാൽ ജനപ്രിയ പാനീയമായാണ് നാരങ്ങവെള്ളത്തെ പൊതുവെ കാണുന്നത്. താപനിലകൂടുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്താനും ചെറുനാരങ്ങ സഹായിക്കും.അതിനാൽ തന്നെ വേനൽക്കാലങ്ങളിൽ പിടിച്ചു പറിയാണ് ചെറുനാരങ്ങയ്ക്ക്.
തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ചെറുനാരങ്ങ ഇറക്കുമതി ചെയ്യുന്നത്.വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു.