സീരിയൽ താരവും അവതാരകയുമായ വി ജെ ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം മാനസികസമ്മർദ്ദം എന്നതിന് തെളിവുകൾ പുറത്ത്. ഭർത്താവ് ഹേംനാദ് രവി പലപ്പോഴും ചിത്രയുമായി വഴക്ക് ഉണ്ടാക്കാറുണ്ട് എന്നതിന്റെ തെളിവാണ് പുറത്തുവന്നത്.ഹേംനാദ് സുഹൃത്തിനോട് കുറ്റസമ്മതം നടത്തുന്ന ടെലിഫോൺ ശബ്ദരേഖ പുറത്തുവന്നു.
ഡിസംബർ 9ന് ഹോട്ടലിൽ ആത്മഹത്യചെയ്യുന്നതിന് തൊട്ടുമുമ്പ് സഹ താരത്തോടൊപ്പം ചിത്ര നൃത്തം ചെയ്തതിനെ താൻ ചോദ്യം ചെയ്തു എന്ന് ഹേംനാദ് വെളിപ്പെടുത്തുന്നു. തുടർന്നാണ് ചിത്ര ശുചി മുറിയിൽ കയറി വാതിലടച്ചത്. ചിത്ര ആത്മഹത്യ ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നും ഹേംനാദ് ശബ്ദ രേഖയിൽ വെളിപ്പെടുത്തുന്നു.
ചിത്രയുടെ സുഹൃത്ത് സെയ്ദ് രോഹിത് ഹേംനാദിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് വന്നു. ചിത്രയെ ഹേംനാദ് ശാരീരികമായി ഉപദ്രവിച്ചതിന് താൻ സാക്ഷിയാണെന്നു സുഹൃത്ത് വെളിപ്പെടുത്തി. സഹതാരങ്ങളുമായുള്ള അഭിനയത്തിന്റെ കാര്യത്തിൽ ഹേംനാദ് മിക്കപ്പോഴും ചിത്രയുമായി വഴക്കിട്ടിരുന്നു എന്നും സുഹൃത്ത് വ്യക്തമാക്കുന്നു. മാന്യയായ സ്ത്രീയായിരുന്നു ചിത്ര.ഹേംനാദുമായുള്ള ജീവിതത്തിൽ അസംതൃപ്ത ആയിരുന്നു ചിത്ര എന്നും സുഹൃത്ത് പറഞ്ഞു.