IndiaNEWS

എല്ലാ വഴികളും അടഞ്ഞു, ഒടുവിൽ ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ഗോദ്ര സബ് ജയിലില്‍ കീഴടങ്ങി

    സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും കീഴടങ്ങി. ഞായറാഴ്ച തന്നെ പ്രതികള്‍ കീഴടങ്ങിയിരിക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഇന്നലെ രാത്രി 11.45 നാണ് പ്രതികള്‍ ഗോദ്ര സബ് ജയിലില്‍ എത്തിയത്.

രണ്ടുവാഹനങ്ങളിലായാണ് പ്രതികള്‍ കീഴടങ്ങാനെത്തിയത്. ജയിലധികൃതര്‍ക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റവാളികള്‍ കീഴടങ്ങണമെന്നായിരുന്നു ജനുവരി എട്ടിന് സുപ്രീംകോടതി നല്‍കിയ നിര്‍ദ്ദേശം. കീഴടങ്ങാന്‍ കുറ്റവാളികൾ ഒരുമാസം സാവകാശം തേടിയെങ്കിലും   സുപ്രിംകോടതി അത് നിരസിച്ചു. കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു സുപ്രിംകോടതി വിധി.

Signature-ad

മഹാരാഷ്ട്ര സര്‍ക്കാരിന്റെ അധികാരത്തിലേക്ക് ഗുജറാത്ത് സര്‍ക്കാര്‍ കടന്നുകയറി. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് കുറ്റവാളികള്‍ ഗുജറാത്ത് സര്‍ക്കാരിനെ സമീപിക്കാനുള്ള അനുകൂല ഉത്തരവ് നേടിയതെന്നുമായിരുന്നു സുപ്രിംകോടതിയുടെ വിധി. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നരവയസ്സുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.

Back to top button
error: