തായ്ലൻഡ്, ഇൻഡൊനീഷ്യ, വിയറ്റ്നാം, ചൈന, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് ഉത്പാദനക്കുറവ് നേരിടുന്നത്. ആഗോള ഉത്പാദനം 1.9 ശതമാനം കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഐവറികോസ്റ്റ് ചിരട്ടപ്പാല്‍ കയറ്റുമതി ജനുവരി ഒന്നുമുതല്‍ നിർത്തിവെച്ചതോടെ വിലകുറഞ്ഞ ചരക്കിന്റെ സാന്നിധ്യം അന്താരാഷ്ട്ര വിപണിയില്‍ കുറയുകയും ഷീറ്റ് തേടി സംരംഭകർ കൂടുതലായി എത്തുകയും ചെയ്തിരുന്നു.
ആർ.എസ്.എസ്. 4-ന് 160 രൂപ വരെ വ്യാപാരം നടന്നിട്ടുണ്ട്. വ്യാപാരിവില 155 രൂപയാണ്. ബോർഡ് പ്രസിദ്ധീകരിച്ച വില 160 രൂപയും. 2023-ല്‍ മേയിലാണ് റബ്ബറിന് മെച്ചപ്പെട്ട വില കിട്ടിയത്. 157 രൂപയായിരുന്നു അന്നത്തെ വില. പിന്നീടിങ്ങോട്ട് വില 150 രൂപയ്ക്കടുത്ത് ചാഞ്ചാടി നിന്നു. 2024 ജനുവരി രണ്ടാം വാരത്തോടെയാണ് ചരക്ക് ലഭ്യത കുറഞ്ഞ് വില ഉയരാൻ തുടങ്ങിയത്.
എന്നാല്‍, വേണ്ടത്ര ചരക്ക് കൈവശമില്ലാത്തത് കേരളത്തിലെ കർഷകർക്ക് കാര്യമായ ഗുണം ചെയ്തിട്ടില്ല. കേരളത്തില്‍ ഡിസംബറിലെ മഴയും ജനുവരിയില്‍ തുടരുന്ന തണുപ്പും ഉത്പാദനം മന്ദീഭവിപ്പിച്ചു. ഇല കൊഴിയാൻ തുടങ്ങുന്നതോടെ മിക്കവരും ടാപ്പിങ് അവസാനിപ്പിക്കുകയും ചെയ്യും.അതേസമയം വിലവർധന പ്രവണത വരുംമാസങ്ങളിലും തുടരുമെന്നാണ് റബ്ബർബോർഡ് വിലയിരുത്തല്‍.