മിയാമി: ഈ വര്‍ഷത്തെ മിസ് അമേരിക്ക പദവിയിലേക്കെത്തി യുഎസ് വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റ്. ഫ്‌ളോറിഡയില്‍ നടന്ന മിസ് അമേരിക്ക മത്സരത്തിലാണ് 22 കാരിയായ മാഡിസണ്‍ മാര്‍ഷ് കിരീടം നേടിയത്. ആദ്യമായാണ് അമേരിക്കയില്‍ ഒരു സൈനിക ഓഫീസര്‍ മിസ് അമേരിക്ക കിരീടം നേടുന്നത്. ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥി കൂടിയാണ് മാഡിസണ്‍ മാര്‍ഷ്.
യുഎസ് വ്യോമസേനയിലെ സെക്കന്റ് ലഫ്റ്റനന്റാണ് മാഡിസണ്‍. ടെക്‌സാസ് സ്വദേശിയായ എല്ലി ബ്രൂക്‌സാണ് രണ്ടാം സ്ഥാനത്തെത്തിയത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ നിന്നായി എത്തിയ 51 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാഡിസണ്‍റെ നേട്ടം. ചോദ്യോത്തര റൌണ്ടിലെ മിന്നുന്ന പ്രകടനത്തോടെയാണ് മാഡിസണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
സൈനിക പദവികള്‍ക്കൊപ്പം തന്നെ സൌന്ദര്യ സങ്കല്‍പ്പങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനേക്കുറിച്ചായിരുന്നു ചോദ്യോത്തര റൌണ്ടില്‍ മാഡിസണ്‌റെ പ്രതികരണം. 2023ലാണ് അമേരിക്കന്‍ വ്യോമ സേന അക്കാദമിയിലെ പഠനം പൂര്‍ത്തിയാക്കിയ മാഡിസണ്‍ കഴിഞ്ഞ വര്‍ഷം മിസ് കൊളറാഡോ പട്ടം നേടിയിരുന്നു.