NEWSWorld

ദുബൈ റോഡുകളിൽ വാഹനങ്ങളിലെ യുവാക്കളുടെ  അഭ്യാസങ്ങൾക്ക് കടുത്ത പിഴ, ട്രാഫിക് നിയമ ലംഘനങ്ങൾക്ക് 81 കാറുകളും 40 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു;  രക്ഷിതാക്കൾക്കും പൊലീസ് മുന്നറിയിപ്പ്

   റോഡുകളിൽ ചില ചെറുപ്പക്കാർ കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ തടയുന്നതിന് രക്ഷിതാക്കൾ കൂടുതൽ ഇടപെടണമെന്ന് ദുബൈ പൊലീസ്. അൽ ഖവാനീജിലെ താമസക്കാരും ലാസ്റ്റ് എക്‌സിറ്റ് ഏരിയയിലെ സന്ദർശകരും റിപ്പോർട്ട് ചെയ്ത നിരവധി സംഭവങ്ങളെ മുൻ നിർത്തി ദുബൈ പൊലീസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയാണ് ഈ അഭ്യർഥന നടത്തിയത്.

വാഹനങ്ങൾ, മോട്ടോർ സൈക്കിളുകൾ, ഇലക്ട്രിക് ബൈക്കുകൾ എന്നിവ അശ്രദ്ധമായി ഓടിക്കുന്നതും റോഡുകളിൽ സാഹസിക പ്രകടനങ്ങൾ നടത്തുന്നതും പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുതരമായ ലംഘനങ്ങൾ കൂടി വരുന്ന സാഹചര്യത്തെ പൊലീസ് ശക്തമായ ഇടപെടലുകളാണ് നടത്തിയത്. ഇതുവരെ 496 പേർക്കതിരെ പിഴ ചുമത്തി. 81 കാറുകളും 40 മോട്ടോർ സൈക്കിളുകളും പിടിച്ചെടുക്കുകയും ചെയ്തു. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനെതിരെയാണ് ഈ നടപടികൾ.

Signature-ad

അശ്രദ്ധമായും നിരുത്തരവാദപരമായും വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സെയ്ഫ് മുഹൈർ അൽ മസ്‌റൂയി ഓർമിപ്പിച്ചു. നിയമ ലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ എന്നത് കൂട്ടുത്തരവാദിത്തമാണെന്നും യുവാക്കളുടെ  മാതാപിതാക്കൾക്കാണ്  ഇതിന്റെ  ഉത്തരവാദിത്തമെന്നും  ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ചൂണ്ടിക്കാട്ടി. അശ്രദ്ധമായി വാഹനം ഓടിക്കുന്നതും നിയമലംഘനങ്ങളും ശ്രദ്ധയിൽ പെട്ടാൽ കോൾ ചെയ്തോ (901) ‘പോലീസ് ഐ’ സേവനം വഴിയോ ദുബൈ പൊലീസ് സ്‌മാർട്ട് ആപ്പിലോ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: