ചിറ്റാറിലെ ഫാമുടമ മത്തായിയുടെ മരണം; അന്വേഷണം സിബിഐയ്ക്ക്
പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയില്‍ വെച്ച് ചിറ്റാറിലെ ഫാമുടമ പി.പി മത്തായി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനം. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കേയാണ് ഇക്കാര്യത്തില്‍ ഒരു നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
കേസില്‍ ഇതുവരെ ആരെയെങ്കിലും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിമര്‍ശനങ്ങള്‍ ഉയരാനുളള സാഹചര്യം മുന്നില്‍ക്കണ്ടുകൊണ്ടാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് സൂചന.
ജൂലൈ 28നാണ് മണിയാര്‍ തേക്ക് പ്ലാന്റേഷനിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ മത്തായിയെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇത്. പിന്നീട് മരണ വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 2 വനപാലകരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
പി.പി.മത്തായിയെ കസ്റ്റഡിയില്‍ എടുത്തതില്‍ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വറ്റര്‍ സഞ്ജയന് കുമാര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കസ്റ്റഡിയില്‍ എടുത്തതില്‍ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ മുഖ്യപരാമര്‍ശമെന്ന് അറിയുന്നു. വനം മന്ത്രി കെ.രാജുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കസ്റ്റഡിയിലുള്ളയാളുടെ സുരക്ഷ ഉറപ്പാക്കാനോ ജീവന് രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണ് വിവരം.
വനത്തിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്കാതിരുന്നതിലും വീഴ്ചയുണ്ടായി. അറസ്റ്റ് ചെയ്തയാളെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിച്ചില്ല. വൈദ്യ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു. ക്യാമറയുടെ മെമ്മറി കാര്‍ഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്ന കാര്യവും റിപ്പോര്‍ട്ടിലുണ്ട്. വൈല്‍ഡ് ലൈഫ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്തെന്നും പറയുന്നു. മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ കുടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുങ്ങിമരണമാണെന്നും ഉയരത്തില്‍ നിന്നു വീണതിന്റെ ക്ഷതമാണു ശരീരത്തിലുള്ളതെന്നുമാണു പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍.
കേസില്‍ ദൃക്സാക്ഷികളില്ല. ശരീരത്തില്‍ കണ്ട മുറിവുകളുടെ സ്വഭാവം അറിയാന്‍ ഡമ്മി പരീക്ഷണം നടത്തിയെന്നു പൊലീസ് അറിയിച്ചു. കേസില്‍ നിന്ന് അസ്വാഭാവിക മരണത്തിനുള്ള വകുപ്പ് ഒഴിവാക്കി. മനഃപൂര്‍വമല്ലാത്ത നരഹത്യ, അന്യായ തടങ്കല്‍, തട്ടിക്കൊണ്ടുപോകല്‍, വ്യാജരേഖ ചമയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങി വകുപ്പുകള്‍ ഉള്‍പ്പെടുത്തി റാന്നി മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം വിട്ടുനല്‍കിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കാരം നടത്തില്ലെന്ന നിലപാടിലാണു ബന്ധുക്കള്‍. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘമാണ് നിലവില്‍ കേസന്വേഷിക്കുന്നത്.
അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ,ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ ,മരണ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ,നിയമോപദേശം അടങ്ങിയ വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ കൊടുക്കാന്‍ തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് സിബിഐ അന്വേഷണത്തിനുളള സര്‍ക്കാര്‍ തീരുമാനം .
അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കളളക്കേസ് എടുക്കാന്‍ ശ്രമം നടക്കുന്നെന്നാരോപിച്ച് കേരള ഉളളാട മഹാസഭ രംഗത്തെത്തി. ആരോപണ വിധേയരായ വനപാലകരില്‍ ഭൂരിഭാഗവും പട്ടികജാതി പട്ടിക വിഭാഗത്തില്‍ പെട്ടവരാണെന്നും ഇപ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ഇവര്‍ക്ക് മാനസിക സംഘര്ഷമുണ്ടാക്കുന്നതാണെന്നുമാണ് കേരള ഉളളാട മഹാസഭ ഉയര്‍ത്തുന്ന വാദം. ഇതെല്ലാം വലിയ വിവാദമായി മാറി ഇതോടെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.