പത്തനംതിട്ട കൂടൽ ബെവ്കോ ഔട്ട് ലെറ്റിൽ നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ ജീവനക്കാരൻ അരവിന്ദിനെ തേടി പൊലീസ് നൊട്ടട്ടത്തിൽ. ഓൺലൈൻ റമ്മി കളിക്കാൻ വേണ്ടിയാണത്രേ ഇയാൾ പണം മോഷ്ടിച്ചത്. പ്രതിയായ ക്ലാർക്ക് അരവിന്ദിന്‍റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.
ബെവ്കോ തട്ടിപ്പ് അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസിന് പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പക്ഷേ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന മറ്റ് ചില വിവരങ്ങളാണ്. എൽ ഡി ക്ലാർക്കായ അരവിന്ദ് ആറ് മാസം കൊണ്ട് തട്ടിയെടുത്ത 81.6 ലക്ഷം രൂപയിൽ, ഏറിയ പങ്കും ചെലവിട്ടത് ഓൺലൈൻ റമ്മി കളിക്കാനാണ്.
തുടക്കത്തിൽ ലഭിച്ച ചെറിയ ലാഭമാണ് ഈ ചെറുപ്പക്കാരനെ വമ്പൻ ചൂതാട്ടത്തിന് പ്രേരിപ്പിച്ചത്. പണം നേടാൻ അരവിന്ദ് കണ്ടെത്തിയ മാർഗ്ഗമാകട്ടെ തട്ടിപ്പും. യശ്വന്ത്പൂർ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ് റമ്മി കളിക്കുള്ള പണം പോയിരിക്കുന്നത്. അരവിന്ദിന്‍റെ ബാങ്ക് അക്കൗണ്ടിൽ ഇനി 22 ലക്ഷം രൂപ ബാങ്കിയുണ്ട്. അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.
ചില്ലറ വിൽപനശാല മാനേജർ നൽകിയ പരാതിയിലാണ് കൊല്ലം ശൂരനാട് സ്വദേശി അരവിന്ദിനെ പ്രതിയാക്കി കൂടൽ പൊലീസ് കേസ് എടുത്തത്. 2023 ജൂൺ മുതൽ ആറ് മാസം കൊണ്ടാണ് ഇയാൾ ഇത്രയും ഭീമമായ തുകയിൽ തട്ടിപ്പ് നടത്തിയത്. ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട പണത്തില്‍ ഒരു ഭാഗമാണ് അപഹരിച്ചത്. ആറ് മാസത്തിന് ശേഷമാണ് തട്ടിപ്പ് കണ്ടെത്തുന്നത്. എല്‍ ഡി ക്ലാര്‍ക്ക് ആയ അരവിന്ദ് ദിവസങ്ങളായി ജോലിക്കെത്തുന്നുണ്ടായിരുന്നില്ല
എസ്ബിഐ കലഞ്ഞൂർ ബ്രാഞ്ചിലാണ് കൂടൽ ബെവ്കോ ഔട്ട് ലെറ്റിന്‍റെ അക്കൗണ്ട്. അതിൽ നിക്ഷേപിക്കാൻ കൊടുത്തുവിടുന്ന തുകയിൽ നിന്നാണ് ലക്ഷങ്ങൾ തട്ടിയത്. സംശയം തോന്നാതിരിക്കാൻ ചെല്ലാനിൽ തിരിമറി നടത്തി.
ക്ലാർക്ക് നടത്തിയ തട്ടിപ്പിൽ മേൽ ഉദ്യോഗസ്ഥർക്കും വീഴ്ച പറ്റിയെന്ന കണ്ടെത്തലിൽ വകുപ്പുതല നടപടി വന്നിരുന്നു. മാനേജരെ സസ്പെൻഡ് ചെയ്തതിനു പുറമെ ഓഡിറ്റ് വിഭാഗത്തിലെ അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തു.