KeralaNEWS

ആലപ്പുഴ ജില്ലയില്‍ മുണ്ടിനീര് പടരുന്നു

ആലപ്പുഴ: കുട്ടികളില്‍ മുണ്ടിനീര് രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ശ്രദ്ധ വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ജമുന വര്‍ഗീസ് അറിയിച്ചു.

 പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്.

രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായി ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്ബും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറുദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. കുട്ടികളിലാണ് കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ഇത് ബാധിക്കാറുണ്ട്.

Signature-ad

ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ് തുറക്കാനും ചവക്കാനും വെള്ളമിറക്കാനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശി വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.

ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന്  ഡോക്ടറെ കണ്ട് ചികിത്സ തേടണം.ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും പുറത്തുവരുന്ന സ്രവങ്ങളുടെ കണികകള്‍ വായുവില്‍ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരുന്നു. പ്രത്യേക ശ്രദ്ധപുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, പാന്‍ക്രിയാസ് ഗ്രന്ഥി ഇവക്ക് അണുബാധ ഉണ്ടാകുകയും ചികിത്സിച്ചില്ലെങ്കില്‍ കേള്‍വി തകരാറിനും ഭാവിയില്‍ പ്രത്യുല്‍പാദന തകരാറുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥയും ഉണ്ടാകാനിടയുണ്ട്.

അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വീട്ടില്‍ വിശ്രമിക്കുക. മറ്റുള്ളവരുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുമുക്തമാക്കുക. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍  രക്ഷിതാക്കൾ ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണം.

Back to top button
error: