തിരുവനന്തപുരം: പൊട്ടക്കിണറ്റില്‍ വീണ രണ്ട് കാട്ടു പന്നികളെ വെടിവെച്ചു കൊന്നു. വ്യാഴാഴ്ച വൈകിട്ടോടെ പോത്തൻകോട് മഞ്ഞമല സുശീലന്റെ പുരയിടത്തിലെ പൊട്ടക്കിണറ്റിലാണ് ഇവ വീണത്.
വസ്തു ഉടമ വാര്‍ഡംഗം ഷിനുവിനെയും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്. അനിലിനെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഷൂട്ടര്‍മാര്‍ എത്തി രാത്രി എട്ടരയോടെ കിണറ്റില്‍ വച്ചുതന്നെ വെടിവെച്ച് കൊല്ലുകയായിരുന്നു.
കിണറിനു സമീപത്തായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് പിന്നീട് ഇവയെ കുഴിച്ചു മൂടി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ കൃഷിനാശവും ഇരുചക്രവാഹന യാത്രക്കാര്‍ക്ക് അപകട ഭീഷണിയുമായതിനെ തുടര്‍ന്നാണ് വെടിവെച്ചുകൊല്ലാൻ പഞ്ചായത്ത് തീരുമാനിച്ചത്.
ഇതിനായി രണ്ടു ഷൂട്ടര്‍മാരെയും മൂന്നു സഹായികളെയും ചുമതലപ്പെടുത്തിയിരുന്നു ഒരു മാസത്തിനിടെ പോത്തൻകോട് പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ നിന്നായി 45 കാട്ടു പന്നികളെയാണ് ഇത്തരത്തിൽ ഇവർ വെടിവെച്ചുകൊന്നത്