‘മാളികപ്പുറം’ ടീമിന്റെ പുതിയ ചിത്രം വരുന്നു, സംവിധാനം: വിഷ്ണു ശശിശങ്കർ, തിരക്കഥ: അഭിലാഷ് പിള്ള
കേരളത്തിലെ തിയേറ്ററുകളിൽ ചരിത്ര വിജയം നേടിയ ‘മാളികപ്പുറം’ റിലീസ് ചെയ്ത് ഒരു വർഷം പിന്നിടുമ്പോൾ അതേ ടീം പുതിയ ചിത്രത്തിനായി കൈകോർക്കുന്നു. സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിൽ മാളികപ്പുറത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവനന്ദയും, ശ്രീപദ് യാനും എത്തുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ ജന്മദിനത്തിൽ ചിത്രത്തിന്റെ നിർമ്മാതാവായ മുരളി കുന്നുംപുറത്ത് ആണ് പുതിയ പ്രോജക്ടിന്റെ വിവരം പങ്കുവച്ചത്. അദ്ദേഹം ഫേസ്ബുക്കിൽ ഇപ്രകാരം കുറിച്ചു:
“എപ്പോഴും നിറഞ്ഞ സ്നേഹത്തോടെയും ഹൃദ്യമായ ചിരിയോടെയും വലിയ ഊർജത്തോടെയും എനിക്ക് കാണാനാകുന്ന എന്റെ പ്രിയ സുഹൃത്ത് അഭിലാഷിനു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഈ സന്തോഷകരമായ വേളയിൽ ഇരട്ടി മധുരം എന്നോണ്ണം എല്ലാവരോടും ഒരു സന്തോഷം ഞാൻ പങ്കു വെക്കുന്നു. മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിക്കുകയാണ്. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വാട്ടർമാൻ ഫിലിംസ് എൽ.എൽ.പിയുടെ ബാനറിൽ ഞാനും സ്പീഡ് വിങ് സർവീസസിന്റെ സനിൽ കുമാറും ചേർന്ന് ഒരുക്കാൻ പോകുന്നു. ഈ വർഷം തന്നെ ഞങ്ങളുടെ ആ സ്വപ്ന സിനിമ നിങ്ങളുടെ മുൻപിലേക്ക് എത്തും. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും ഞങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയാണ്.”
ചിത്രത്തിന്റെ നായക കഥാപാത്രത്തിനെ അവതരിപ്പുന്ന സൂപ്പർ താരത്തിന്റെ പേര് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. മറ്റു താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കും. പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം രഞ്ജിൻ രാജ്.
പി.ആർ.ഒ പ്രതീഷ് ശേഖർ.