ഇപ്പോഴിതാ തേക്കടി വഴി ഗവിയിലേക്ക് ബസ് യാത്ര ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ്.തേക്കടിയുടെ കാഴ്ചകള്‍ക്കൊപ്പം ഗവിയുടെ സൗന്ദര്യവും ആസ്വദിക്കാൻ സാധിക്കും എന്നതാണ് ഈ യാത്രയുടെ പ്രത്യേകത.
രാവിലെ തേക്കടിയില്‍ നിന്ന് യാത്ര ആരംഭിച്ച് ഗവി കണ്ട് സന്ധ്യയോടെ തിരികെ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
എല്ലാ ദിവസവും രാവിലെ 6.30ന് തേക്കടി പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. യാത്രയില്‍ പ്രഭാത ഭക്ഷണം വള്ളക്കടവ് ചെക്ക് പോസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ഗവിയിലെത്തി ഇവിടുത്തെ കാഴ്ചകള്‍ കണ്ട് ആസ്വദിച്ച് ഉച്ചയ്ക്ക് ശേഷം മടങ്ങും. തേക്കടി-ഗവി ബസ് യാത്രാ പാക്കേജില്‍ ഒരാള്‍ക്ക് 1000 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ പ്രഭാത ഭക്ഷണവും ഉള്‍പ്പെടും. ബസില്‍ 32 പേര്‍ക്ക് സഞ്ചരിക്കാൻ സാധിക്കും.
ബസ് യാത്രാ പാക്കേജ് കൂടാതെ, ബോട്ടിങ്, പ്രകൃതി നടത്തം, ഗ്രീന്‍ വാക്ക്, ജങ്കിള്‍ സ്‌കൗട്ട്, ബാംബൂ റാഫ്റ്റിങ്, ബോര്‍ഡര്‍ ഹൈക്കിങ്, ട്രൈബല്‍ ഹെറിറ്റേജ്/ആദിവാസി നൃത്തം തുടങ്ങിയ കാര്യങ്ങളും വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്.
തേക്കടി-ഗവി ബസ് യാത്ര പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കില് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നേരിട്ടെത്തി ബുക്കിങ് നടത്തണം. താമസിയാതെ, ബുക്കിങ് ഓണ്‍ലൈനിലേക്ക് മാറ്റുമെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://periyartigerreserve.
തേക്കടി വഴിയല്ലാതെ ഗവിയിലേക്ക് രണ്ടു തരത്തിലാണ് പോകാൻ സാധിക്കുന്നത്. കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം വിവിധ ഡിപ്പോകളില്‍ നിന്നും നടത്തുന്ന ഗവി പാക്കേജ് യാത്രകളാണ് അതിലൊന്ന്. അടുത്തത് പത്തനംതിട്ടയില്‍ നിന്നും ഗവി വഴി കുമളിയിലേക്കുള്ള ബസ് സര്‍വീസുകളും. കുമളിയില്‍ നിന്നും പത്തനംതിട്ടയ്ക്കുള്ള ബസിലും ഗവിയിലേക്ക് വരാം. കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്നു വരുന്നവര്‍ക്ക് പത്തനംതിട്ടയിലെ അല്ലെങ്കില്‍ കുമളിയിലോ വന്ന് അവിടുന്ന് ഗവി ബസിന് വരാം. സമയക്രമം അന്വേഷിച്ച് ഉറപ്പാക്കിയ ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുക.