
ടോക്യോ: ജപ്പാനില്‍ വന്‍ ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ്. ജപ്പാന്‍ ദ്വീപായ ഹോന്‍ഷുവിലെ ഇഷികാവയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇവിടത്തെ തീരപ്രദേശമായ നോട്ടോവയിലെ ജനങ്ങളോട് അടിയന്തരമായി ഒഴിഞ്ഞുപോകാന്‍ ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശക്തമായ ഭൂചലനമാണുണ്ടായതെന്നാണു വിവരം. ഇതിനു പിന്നാലെ നിരവധി തവണ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇഷികാവയില്‍ മുഴുവന്‍ അതിവേഗ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ഭൂചലനത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂമിയില്‍ വന്‍ വിള്ളലുണ്ടായതും കെട്ടിടങ്ങളില്‍നിന്ന് ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങിനില്‍ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, എവിടെയും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഞ്ചു മീറ്റര്‍ ഉയരത്തില്‍ വരെ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പുള്ളത്. അയല്‍പ്രദേശങ്ങളായ നീഗാറ്റയിലും ടോയാമയിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മീറ്റര്‍ ഉയരത്തില്‍ രണ്ടിടത്തും തിരയടിക്കാനിടയുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാന്‍ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ‘എന്‍.എച്ച്.കെ’ ജനങ്ങളോട് ആവശ്യപ്പെട്ടു.
ഭൂകമ്പബാധിത പ്രദേശത്തുള്ള പ്ലാന്റുകളിലൊന്നും അസ്വാഭാവികമായി ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ജപ്പാനിലെ ഏറ്റവും വലിയ ആണവോര്‍ജ ഓപറേറ്റര്‍മാരായ കാന്‍സായ് ഇലക്ട്രിക് പ്രതികരിച്ചു.
ദക്ഷിണ കൊറിയയുടെ കിഴക്കന്‍ തീരങ്ങളിലും സുനാമിത്തിരയ്ക്കു സാധ്യതയുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിലെല്ലാം സമുദ്രനിരപ്പ് ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.






