KeralaNEWS

മൂന്നാം മോദി സര്‍ക്കാറില്‍ കേരള പങ്കാളിത്തം ഉറപ്പ്: കെ സുരേന്ദ്രന്‍

തൃശ്ശൂര്‍: ബി ജെ പിയില്‍ മതന്യൂനപക്ഷങ്ങള്‍ ചേരുന്നതിൽ അസഹിഷ്ണുതയോടെയാണ് സി പി എമ്മും കോണ്‍ഗ്രസും പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

എന്നാല്‍ ഇതിനെയൊക്കെ അതിജീവിച്ച്‌ ന്യൂനപക്ഷങ്ങള്‍ ബി ജെ പിയോട് അടുക്കുകയാണെന്നും തൃശ്ശൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി തന്നെ നിര്‍ദേശിച്ച ക്രിസ്തുമസ് സ്നേഹയാത്ര മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണ്.

Signature-ad

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ വൈദികൻ ഉള്‍പ്പെടെ 48 ക്രൈസ്തവർ ബി ജെ പിയില്‍ ചേര്‍ന്നു.എന്നാൽ ബി ജെ പിയില്‍ ചേര്‍ന്ന വൈദികനെയും സ്നേഹസംഗമത്തില്‍ ആശംസ നേര്‍ന്ന ബിഷപ്പിനെയും വരെ മോശമായരീതിയിലാണ് കോണ്‍ഗ്രസും സി പി എമ്മും അവഹേളിക്കുന്നത്. ആരെന്തു വിചാരിച്ചാലും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബിജെപി പങ്കാളിത്തം ഉറപ്പാണ് -സുരേന്ദ്രൻ പറഞ്ഞു.

ബിജെ പി ഏറ്റവും പ്രഗല്‍ഭരായവരുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റാവും പുറത്തിറക്കുക. യു ഡി എഫിലെ 19 എംപിമാരും നിര്‍ഗുണ പരബ്രഹ്മങ്ങളാണ്. എല്‍ ഡി എഫിന്റെ ആരിഫിനാണെങ്കില്‍ പാര്‍ലമെന്റില്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കാൻ പോലും സാധിക്കുന്നില്ല. 50 സീറ്റ് പോലും തികയ്ക്കാനാവാത്ത രാഹുല്‍ഗാന്ധിക്ക് വോട്ട് ചെയ്തത് കൊണ്ടോ ചിത്രത്തിലേ ഇല്ലാത്ത സി പി എമ്മിന് വോട്ട് ചെയ്തത് കൊണ്ടോ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാകാൻ പോവുന്നില്ല.

ഹാട്രിക്ക് വിജയത്തിലേക്ക് പോവുന്ന നരേന്ദ്രമോദി സര്‍ക്കാരില്‍ പങ്കാളിത്തം ഉറപ്പിക്കാനാണ് മലയാളികള്‍ ശ്രമിക്കേണ്ടത്. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്. കേരളത്തിലും ദക്ഷിണേന്ത്യയിലും ബിജെപിയുടെ അടിത്തറ വര്‍ദ്ധിപ്പിക്കാൻ നല്ല പരിശ്രമമുണ്ടാവുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ വികസനം ഉറപ്പ് വരുത്താൻ മോദി ശ്രമിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പോവുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

ഓര്‍ത്തഡോക്സ് സഭ നിലക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാദര്‍ ഷൈജു കുര്യൻ ഉള്‍പ്പെടെ 50 ഓളം ക്രിസ്ത്യൻ കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തില്‍ നിന്നുള്ള നിരവധി പേരും ബി ജെ പിയില്‍ അംഗത്വമെടുത്തു.

പത്തനംതിട്ടയില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ്റെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ബി ജെ പി പ്രവേശനം.ഓര്‍ത്തഡോക്സ് സഭ വലി‌യ മെത്രാപൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമിസ് അധ്യക്ഷത വഹിച്ചു.

Back to top button
error: