Fiction

അനാവശ്യമായി സങ്കടപ്പെടുന്നത് നിരർത്ഥകം, സന്തോഷത്തിന്റെ വഴി കണ്ടെത്തി ജീവിതം ആഹ്ലാദഭരിതമാക്കൂ

വെളിച്ചം

     യൗവന കാലത്ത് തന്നെ അവര്‍ വിധവയായി തീര്‍ന്നു. അടുത്തുളള ഒരു മില്ലിലാണ് ആ യുവതി ജോലി ചെയ്തിരുന്നത്. തന്റെ രണ്ടുപെണ്‍മക്കളേയും വളരെ നന്നായി തന്നെ അവര്‍ വളര്‍ത്തി. തന്റെ ചെറിയവരുമാനത്തിലും സന്തോഷമായി കഴിയാനുളള വകയുണ്ടെങ്കിലും അവര്‍ എപ്പോഴും സങ്കടപ്പെട്ടുകൊണ്ടേയിരുന്നു.

Signature-ad

കാലം കടന്നുപോയി. മക്കള്‍ വലുതായി അവരെ രണ്ടുപേരേയും വിവാഹം കഴിപ്പിച്ചയച്ചു. പക്ഷേ, അപ്പോഴാണ് അവരുടെ സങ്കടം വീണ്ടും അധികരിച്ചത്. അവരുടെ ഒരു മകളെ കുട വില്‍പനക്കാരനും, രണ്ടാമത്തെ മകളെ ഒരു ഐസ്‌ക്രീം വില്‍പനക്കാരനുമാണ് വിവാഹം കഴിച്ചത്. നാട്ടില്‍ മഴപെയ്യുന്നത് കണ്ടാല്‍ അവര്‍ ഒരു മകളെ ഓര്‍ത്ത് സങ്കടപ്പെടും, വെയില്‍ കണ്ടാലും സങ്കടപ്പെടും. അപ്പോഴാണ് ആ നാട്ടില്‍ ദിവ്യനായ ഗുരു എത്തിയതറിഞ്ഞത്. അവര്‍ ഗുരുവിനടുത്തെത്തി. തന്റെ പ്രശ്‌നമെല്ലാം പറഞ്ഞു. മൂത്തമകള്‍ താമസിക്കുന്നിടത്ത് 12 മാസം മഴവേണമെന്നും ഇളയമകള്‍ താമസിക്കുന്നിടത്ത് 12 മാസവും വെയില്‍ വേണമെന്നുമായിരുന്നു ആ അമ്മയുടെ ആവശ്യം.

അനാവശ്യമായി സങ്കടപ്പെടുന്നതാണ് അവരുടെ പ്രശ്‌നമെന്ന് മനസ്സിലാക്കിയ ഗുരു പറഞ്ഞു. നല്ല മഴയുള്ള കാലത്ത് മൂത്തമകളുടെ ഭര്‍ത്താവിന് ധാരാളം കച്ചവടം കിട്ടുമെന്നും അപ്പോള്‍ കിട്ടുന്ന ധനം അടുത്ത മഴക്കാലം വരെ വിനിയോഗിക്കാനുണ്ടാകുമെന്നും അതുപോലെ വെയിലുള്ള സമയത്തെല്ലാം തന്റെ രണ്ടാമത്തെ മകളുടെ ഭര്‍ത്താവിനെ ഓര്‍ക്കണമെന്നും അവര്‍ക്ക് ധാരാളം കച്ചവടം കിട്ടുന്നതായും അപ്പോള്‍ ലഭിക്കുന്ന ധനം വെയിലില്ലാത്തപ്പോള്‍ ജീവിക്കാനായി വിനിയോഗിക്കാമെന്നും ഗുരു അവരെ പറഞ്ഞു മനസ്സിലാക്കി.
കൂടാതെ അവര്‍ എന്താണ് ചിന്തിക്കുന്നത് അത് പോലെ സംഭവിക്കുമെന്ന ശാസ്ത്രതത്വവും ഗുരു അവരെ അറിയിച്ചു.
ഗുരു ഒന്നൂകൂടി പറഞ്ഞു:

“എപ്പോള്‍ മനസ്സില്‍ ഒരു കാര്യത്തെക്കുറിച്ച് ദുഃഖം വരുന്നോ അപ്പോള്‍ അതിന്റെ വിപരീത കാര്യം ചിന്തിക്കണം. നല്ലത് ചിന്തിച്ചാല്‍ നല്ലത് തന്നെ സംഭവിക്കും.”

ജീവിതത്തില്‍ സങ്കടപ്പെടാന്‍ ധാരാളം കാര്യങ്ങള്‍ കാത്തിരിക്കുന്നുണ്ടാകും. പക്ഷേ, സന്തോഷിക്കാനുളള ഒരു കാരണമെങ്കിലും കണ്ടെത്താന്‍ നമുക്കാകട്ടെ .

സന്തോഷപൂർന്നമായ ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: