ഗാന്ധിനഗർ: പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് അച്ഛനെയും മകനെയും വീടുകയറി ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര വില്ലൂന്നി തൊമ്മൻ കവല ഭാഗത്ത് ഉടുമ്പനാട് വീട്ടിൽ വിശാഖ് (29), ആർപ്പൂക്കര വില്ലൂന്നി തൊമ്മൻ കവല ഭാഗത്ത് കരിയിൽ വീട്ടിൽ അരുൺ മാത്യു (30) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ക്രിസ്തുമസ്സിന് തലേദിവസം പടക്കം പൊട്ടിക്കുകയും, സമീപവാസിയായ വീട്ടുകാർ ഇതിനെ ചോദ്യം ചെയ്യുകയുമായിരുന്നു. തുടർന്ന് ഇവർ തലേ ദിവസത്തെ വിരോധത്തില്‍ ക്രിസ്മസ് ദിനത്തിൽ ഗൃഹനാഥനെയും മകനെയും വീടുകയറി ആക്രമിക്കുകയായിരുന്നു.
ഇതിനുശേഷം ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.ഐ അനുരാജ് എം.എച്ച് , എസ്.ഐ ജയൻ പി.സി, സി.പി.ഓ മാരായ പ്രവീൺകുമാർ, ജസ്റ്റിൻ ജോയ്, ജയപ്രകാശ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.