KeralaNEWS

സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഒരു ഉത്തരവാദിത്തവുമില്ല; ശബരിമലയില്‍ ഭക്തര്‍ക്കാവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു: പ്രതിപക്ഷ നേതാവ്

കൊച്ചി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർ ഉൾപ്പെടെയുള്ള അയ്യപ്പ ഭക്തർ പന്തളത്ത് യാത്ര അവസാനിപ്പിക്കുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 20 മണിക്കൂറോളമാണ് ഭക്തർ കാത്തുനിൽക്കുന്നത്. സർക്കാരിനും ദേവസ്വം ബോർഡിനും ഒരു ഉത്തരവാദിത്തവുമില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക് അയ്യപ്പ ദർശനം ഉറപ്പ് വരുത്തേണ്ട ചുമതലയുള്ള സർക്കാരും ദേവസ്വവും ഉത്തരവാദിത്തം നിറവേറ്റാൻ തയാറാകുന്നില്ല. നിലക്കലിൽ നിന്നും പമ്പയിലേക്ക് ബസ് പോകുന്നത് കണ്ടാൽ നമ്മൾ തകർന്നു പോകും. അവിടെ അപകടം പതിയിരിക്കുകയാണ്. ഒരു അപകടം എപ്പോഴും ഉണ്ടാകാവുന്ന സാഹചര്യമാണുള്ളത്.ഇന്ത്യയിലെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ഭക്തർക്കാവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്. മുൻ സർക്കാരുകളുടെ ഭാഗത്ത് ഭംഗിയായി നടന്നിരുന്ന ശബരിമല തീർത്ഥാടനമാണ് ഇത്തവണ താറുമാറായത്.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചു.എല്ലാക്കാലത്തും തിരക്ക് ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. ഇപ്പോൾ ദേവസ്വം പൊലീസിനെ കുറ്റപ്പെടുത്തുകയാണ്. പരിചയസമ്പന്നരായ പൊലീസുകാരില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.ദേവസ്വം ബോർഡ് ആവശ്യമായ കാര്യങ്ങളൊന്നും ചെയ്യുന്നില്ല.അവധി ദിവസങ്ങളിൽ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമയിൽ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം പ്രസിഡന്റ് നടത്തിയത് ദേവസ്വം മന്ത്രി പോലും സ്ഥലത്തില്ല.മന്ത്രി 44 ദിവസത്തെ ടൂറിന് പോയിരിക്കുകയാണ്.ഉത്തരവാദിത്തത്തിൽ നിന്നും മുഖ്യമന്ത്രിയും മന്ത്രിമാരും മാറി നിൽക്കുകയാണ്. ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടായി അഞ്ചാം ദിവസമാണ് ഓൺലൈൻ യോഗം നടത്തിയത്. ഓൺലൈൻ യോഗത്തിന് എന്ത് പ്രസക്തിയാണുള്ളത്. ആർക്കും ഉത്തരവാദിത്തം ഇല്ലാത്ത സങ്കടകരമായ അവസ്ഥയാണ് നിലനിൽക്കുന്നത്.

Signature-ad

ശബരിമല സമര കാലത്ത് പ്രത്യേക താൽപര്യമെടുത്ത് കൊണ്ടു വന്നവർക്ക് ദർശനം നടത്താൻ സർക്കാരും പൊലീസും സ്വീകരിച്ച ശ്രമത്തിന്റെ നൂറിലൊന്നു ശ്രമം നടത്തിയിരുന്നെങ്കിൽ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമായിരുന്നു. നിലയ്ക്കൽ നിന്നും പമ്പയിലേക്ക് അപകടകരമായ രീതിയിലാണ് ബസ് സർവീസ് നടത്തുന്നത്. ശബരിമല തീർത്ഥാടകർക്ക് ദർശനം ഒരുക്കിക്കൊടുക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടു. ഉത്തരവാദിത്തത്തിൽ നിന്നും എല്ലാവരും കൈകഴുകുകയാണ്. സർക്കാർ പരാജയപ്പെടുന്ന കാഴ്ചയാണ് ശബരിമലയിൽ കാണുന്നത്.കോടതി ഇടപെട്ട് അനങ്ങാതിരിക്കുന്ന സർക്കാരിനെയും ദേവസ്വത്തെയും കുത്തിയിളക്കി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷ മാത്രമാണുള്ളത്. ശബരിമലയിൽ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ചാണ് 1200 ക്ഷേത്രങ്ങളിലെ ചെലവും ദേവസ്വം ജീവനക്കാരുടെ ശമ്പളവും നൽകുന്നത്. അവലോകന യോഗം നടത്തേണ്ട മന്ത്രിമാർ ടൂർ പോയിരിക്കുകയാണ്. ഓൺലൈൻ മീറ്റിങിന്റെ തീരുമാനമായാണ് ഭക്തർ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി പറഞ്ഞത്. ഭക്തർ തിരിച്ച് പോകണമെന്നാണോ മന്ത്രി പറയുന്നത്?.ശബരിമലയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സംഘം ഇന്ന് പമ്പയിൽ എത്തിയിട്ടുണ്ട്.ശബരിമലയിൽ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ സർക്കാരിന് നൽകും.

യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകർ റോഡരുകിൽ നിന്ന് കരിങ്കൊടി കാണിച്ചാൽ ആത്മഹത്യാ സ്‌ക്വാഡും തീവ്രവാദ പ്രവർത്തനവുമാകും.അവരെ കൈകാര്യം ചെയ്യണമെന്നും ജീവൻരക്ഷാ പ്രവർത്തനം നടത്തണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.പക്ഷെ എസ്.എഫ്.ഐക്കാർ പൊലീസ് ഒത്താശയിൽ റോഡിന്റെ നടുവിൽ നിന്നാണ് ഗവർണറുടെ വാഹനം തടത്തു നിർത്തി ആ വാഹനത്തിൽ അടിക്കുന്നത്.എന്നിട്ടും എസ്.എഫ്.ഐക്ക് കൈ കൊടുക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രി പറഞ്ഞത്.കരിങ്കൊടി പ്രകടനം നടത്തുന്നത് ക്രിമിനൽ പ്രവർത്തനമാണെന്ന ഗവർണറുടെ അഭിപ്രായത്തോട് യോജിക്കാനാകില്ല.ഗവർണർക്ക് സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്.ഇന്റലിജൻസ് റിപ്പോർട്ട് എസ്.എഫ്.ഐക്ക് ചോർത്തിക്കൊടുത്തു. സുരക്ഷാ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തവർക്കെതിരെ നടപടി എടുക്കാൻ പിണറായി വിജയൻ തയാറാകുമോ? തയാറാകില്ല. കാരണം അവർ സ്വന്തക്കാരാണ്.

കരിങ്കൊടി കാട്ടുന്ന കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചെടിച്ചട്ടിയും ഹെൽമറ്റും കമ്പിവടിയും ഉപയോഗിച്ച് തല്ലാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. അതേസമയം ഗവർണറെ തടഞ്ഞ എസ്.എഫ്.ഐക്കാർക്ക് കൈ കൊടുക്കാൻ പറയുന്നത് എന്തൊരു വിരോധാഭാസമാണെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം, ശബരിമലയിൽ വേണ്ടത്ര പൊലീസിനെ വിന്യസിച്ചില്ലെന്നും തിരക്ക് ഇല്ല എന്ന് കോടതിയെ ധരിപ്പിക്കാൻ കുറക്ക് വിദ്യകൾ നടക്കുന്നുവെന്നും പമ്പയിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കന്നുകാലികളെ കൈകാര്യം ചെയ്യുന്നതുപോലെ ആണ് തീർത്ഥാടകരെ കാണുന്നത്. പൊലീസുകാരെ മുഴുവൻ നവകേരള സദസ്സിന് അയച്ചു. സർക്കാർ സ്വമേധയാ കേസെടുക്കണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Back to top button
error: