
ഏദൻ: ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് യമനിലെ ഹൂതികള്‍. ഇസ്രായേല്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയതിനു പിന്നാലെയാണ് ഹൂതികള്‍ രംഗത്തെത്തിയത്.
ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന എല്ലാ ചരക്കുകപ്പലുകളും ആക്രമിക്കുമെന്ന് ഹൂതി വിമതര്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന് ചെങ്കടലില്‍ കെണിയൊരുക്കിയിട്ടുണ്ട് എന്നാണ് ഹൂതികളുടെ ഭീഷണി.
ഇസ്രായേലിലേക്കുള്ള കപ്പല്‍ രണ്ടാഴ്ച മുമ്ബ് ഹൂതികള്‍ പിടിച്ചിരുന്നു. ചെങ്കടലിലൂടെ ചരക്കുമായി പോയ കപ്പലാണ് ഹൂതികള്‍ പിടികൂടിയത്.അതേസമയം, മറ്റു രാജ്യങ്ങള്‍ ഹൂതികളെ നിയന്ത്രിക്കാന്‍ ശ്രമം നടത്തുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
ഇറാന്‍റെ പിന്തുണയുള്ള യമനിലെ വിമത സംഘമാണ് ഹൂതികള്‍. അതേസമയം യമനില്‍നിന്ന് തങ്ങളുടെ യുദ്ധക്കപ്പലിനെ ലക്ഷ്യമിട്ട് പറന്നുവന്ന ഡ്രോണുകളെ തകര്‍ത്തെന്ന് ഫ്രാൻസ് അറിയിച്ചു.ശനിയാഴ്ച രാത്രി ചെങ്കടലില്‍വെച്ച് ഫ്രഞ്ച് നാവികസേനയുടെ ലാംഗ്വെഡോക് എന്ന യുദ്ധക്കപ്പലിനുനേരെയാണ് ആക്രമണശ്രമമുണ്ടായത്.





