കൊച്ചി: നവകേരള സദസിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തെ സ്വാഭാവിക രോഷ പ്രകടനമെന്ന് പറഞ്ഞ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എംജെ യദുകൃഷ്ണൻ. കെ.എസ്.യു. പ്രവർത്തകരേ സിപിഎം ക്രിമിനൽ സംഘം വളഞ്ഞിട്ട് അക്രമിക്കുന്നതിരേയുള്ള സ്വാഭാവിക രോഷ പ്രകടനം മാത്രമാണ് പെരുമ്പാവൂരിൽ ഉടലെടുത്തതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
നവകേരള സദസിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞതിനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും അദ്ദേഹം തള്ളി പറയുന്നുണ്ട്. കെ.എസ്.യു. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നടത്തരുതെന്നും ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞപ്പോൾ ഉണ്ടാകാത്ത ഒരു വൈകാരികതയും ഇപ്പോൾ കാട്ടേണ്ടതില്ലെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. പിണറായിക്കെതിരെയുണ്ടായത് സ്വാഭാവിക രോഷ പ്രകടനമാണ്. ഷൂ ഏറ് അടക്കമുളള പ്രതിഷേധങ്ങൾ തുടരുമെന്ന പ്രസ്താവന സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ തിരുത്തിയെങ്കിലും, സംഘടനയ്ക്കുള്ളിൽ വിമർശനമുണ്ടെന്നാണ് വിലയിരുത്തൽ.
എംജെ യദുകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുത്…!
ജനാധിപത്യപരമായി സമരം നടത്തിയ KSU പ്രവർത്തകരെ സിപിഎം ക്രിമിനൽ സംഘം വളഞ്ഞിട്ട് അക്രമിക്കുന്നതിരെയുള്ള സ്വാഭാവിക രോഷ പ്രകടനം മാത്രമാണ് പെരുമ്പാവൂരിൽ ഉടലെടുത്തത്.
സംസ്ഥാന വ്യാപകമായി ഈ സമര രീതി തുടരണമെന്ന തീരുമാനം KSU വിനില്ല. എന്നാൽ ഇത്തരം സമര രൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് സിപിഎം തന്നെയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകർത്ത് നെറ്റി മുറിച്ചപ്പോൾ ഉണ്ടാകാത്ത ഒരു വൈകാരിക പ്രതികരണവും ഇതിനോട് കാട്ടേണ്ടതില്ല.
എം ജെ യദു കൃഷ്ണൻ
(KSU സംസ്ഥാന വൈസ് പ്രസിഡന്റ്)