ബംഗളൂരു: കുടകിലെ ഗോണിക്കൊപ്പയില്‍ മലയാളി കരാറുകാരന്റെ കാര്‍ തട്ടിയെടുത്ത് അക്രമിസംഘം 50 ലക്ഷം രൂപ കവര്‍ന്നതായി പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ. ഷംജാദ്(38) ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഭാര്യയുടെ സ്വര്‍ണം കോഴിക്കോട്ടെ ജ്വല്ലറിയില്‍ ഉരുക്കി സ്വര്‍ണക്കട്ടികളാക്കി മൈസൂരുവില്‍ കൊണ്ടുപോയി വിറ്റ ശേഷം പണവുമായി മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.
കോഴിക്കോട് സ്വദേശിയായ സുഹൃത്ത് അഫ്നുവും ഒപ്പമുണ്ടായിരുന്നു. ഗോണിക്കൊപ്പയിലെ ദേവരപുരയില് വച്ച്, 3 വാഹനങ്ങളിലായി 15 അംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി പണം ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചതോടെ ബലമായി കാറിന്റെ നിയന്ത്രണം സംഘം ഏറ്റെടുത്തു. വിജനമായ സ്ഥലത്ത് എത്തിച്ചു ഇരുവരെയും മര്‍ദിച്ചു പണം കൈക്കലാക്കിയ ശേഷം കാറില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. സമീപത്തെ കോലത്തോട് ഗ്രാമത്തില്‍ നിന്നു കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പണത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കവര്‍ച്ച നടന്നതെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു.
അതേസമയം, കുടകിലെ റിസോര്‍ട്ടില്‍ കൊല്ലം ജില്ലക്കാരായ ദമ്പതികളെയും 11 വയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെത്തി. പരവൂര്‍ കൂനയില്‍ ചാമവിള വീട്ടില്‍ ബാബുസേനന്റെയും കസ്തൂര്‍ബായിയുടെയും മകന് വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി ഏബ്രഹാം (38), മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണു മടിക്കേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിമുക്ത ഭടനായ വിനോദിന്റെയും കോളജ് അധ്യാപികയായ ജിബിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിനോദ് കോട്ടയം അയ്മനം സ്വദേശിയായ ആദ്യ ഭാര്യയുമായും ജിബി ഏബ്രഹാം കാസര്‍കോട് സ്വദേശിയായ ആദ്യ ഭര്‍ത്താവുമായും വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. വിനോദിന് ആദ്യ വിവാഹത്തില്‍ ഒരു കുട്ടിയുണ്ട്. ജിബിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ജെയ്ന്‍ മരിയ. മകളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം.