ശ്രീനഗര്‍-ലേ ദേശീയപാതയില്‍ ചൊവ്വാഴ്ച നടന്ന വാഹനാപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ നാലുപേരുടെ മൃതദേഹങ്ങൾ ഇന്നലെയാണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്. അഞ്ചാമനായ ഒരു മലയാളി കൂടി ഇന്ന് മരിച്ചു. പരുക്കേറ്റ് കശ്മീരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചിറ്റൂര്‍ സ്വദേശി മനോജാണ് മരിച്ചത്. മനോജിന്റെ മൃതദേഹം കേരളത്തിലെത്തിക്കാൻ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി കെ കൃഷ്ണന് കുട്ടി വ്യക്തമാക്കി.
അപകടത്തില്‍ പരുക്കേറ്റ മലാളികളായ രാജേഷ്, അരുണ്‍ എന്നിവര്‍ ചികിത്സയിലാണ്. ചിറ്റൂര്‍ സ്വദേശികളായ എസ്. സുധീഷ് (32), ആര്. അനില്‍ (33), രാഹുല്‍ (28), എസ്. വിഗ്നേഷ് (24) എന്നിവരാണ് ആദ്യം മരിച്ച മലയാളികൾ. കശ്മീർ സ്വദേശിയായ ഡ്രൈവര്‍ അജാസ് അഹമ്മദ് ഷായും അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന മനോജാണ് ഇന്ന് മരിച്ചത്.
നവംബര്‍ 30-നാണ് ചിറ്റൂര്‍ നെടുങ്ങോട്ടുനിന്നുള്ള 13 അംഗസംഘം തീവണ്ടിമാര്‍ഗം വിനോദയാത്രയ്ക്ക് പുറപ്പെട്ടത്. കശ്മീരിലെത്തി രണ്ടുവാഹനങ്ങള്‍ വാടകയ്ക്കെടുത്തായിരുന്നു ലഡാക്കിലേക്കുള്ള യാത്ര.
ചൊവ്വാഴ്ച നിമാത സോജിലാ പാസില്‍നിന്ന് സോന്മാര്ഗ് ശ്രീനഗറിലേക്ക് വരുന്നതിനിടയില്‍ മോര്‍ഹ് എന്ന പ്രദേശത്താണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന എസ്.യു.വി റോഡിലെ മഞ്ഞില്‍ തെന്നി കൊക്കയിലേക്ക് മറിയുകയായിരുന്നു.
രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. ആറ് പേര് ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്.
സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു എന്ന് രക്ഷപ്പെട്ടയാള്‍ പറഞ്ഞു.