ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഓഡി എന്നിവ ജനുവരി മുതൽ കാറുകളുടെ വില വർധിപ്പിക്കും. പണപ്പെരുപ്പവും വാഹനത്തിന്റെ നിർമാണ ചിലവുകൾ കൂടിയതുമാണ് തീരുമാനത്തിന് കാരണമായി കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ടാറ്റ മോട്ടോഴ്സും മെഴ്സിഡസ് ബെൻസും അടുത്ത വർഷം ജനുവരി മുതൽ ഇന്ത്യയിൽ തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളാണ് മാരുതി സുസുക്കി. ചെറിയ കാറായ ആൾട്ടോ (വില 3.54 ലക്ഷം രൂപ) മുതൽ വലിയ ഇൻവിക്ടോ (വില 28.42 ലക്ഷം രൂപ) വരെ നിർമിക്കുന്നു. മാരുതി സുസുക്കി കഴിഞ്ഞ ദിവസം തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കുകയും കമ്പനിയുടെ എല്ലാ മോഡലുകളുടെയും വില ജനുവരി മുതൽ വർധിക്കുമെന്നും അറിയിച്ചു. ചില മോഡലുകളുടെ വിലയിൽ നല്ല വർധന ഉണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ (മാർക്കറ്റിംഗ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
പണപ്പെരുപ്പവും ചരക്ക് വിലയും കണക്കിലെടുത്ത് 2024 ജനുവരി മുതൽ തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര സിഇഒ നളിനികാന്ത് ഗോലഗുണ്ടയും പറഞ്ഞു. 2024 ജനുവരി മുതൽ ഇന്ത്യയിൽ വാഹനങ്ങളുടെ വില രണ്ട് ശതമാനം വരെ വർധിപ്പിക്കുമെന്ന് ജർമൻ ആഡംബര കാർ നിർമാതാക്കളായ ഓഡി നേരത്തെ അറിയിച്ചിരുന്നു. വില വർധന 2024 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും ഓഡി വ്യക്തമാക്കിയിട്ടുണ്ട്.