കാസർകോട്: കേരളത്തിലെ ഒറ്റപ്പെട്ടുപോയ വനിതകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ മനസിലാക്കുന്നതിനായി വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് നവംബർ 25ന് രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരി, വ്യവസായി ഏകോപന സമിതി ഹാളിൽ നടക്കും. വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി അധ്യക്ഷത വഹിക്കും.
വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ. പി. കുഞ്ഞായിഷ, അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, കാസർഗോഡ് ജില്ലാ ജാഗ്രതാ സമിതി മെമ്പർ എം. സുമതി, സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. സലീഖ, സോഷ്യൽ ജസ്റ്റിസ് ബോർഡ് ട്രാൻസ് മെമ്പർ സാജിദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി.വി. ശോഭന, വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ സംസാരിക്കും.
പുതിയ തൊഴിൽ മേഖലകളിലേക്ക് സ്ത്രീകൾ ധാരാളമായി കടന്നു വരുന്നുണ്ട്. വിവിധവും സങ്കീർണവുമായ പ്രശ്നങ്ങളാണ് അവർക്ക് തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ ഓരോ മേഖലകളിലുമുള്ള സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അവരിൽ നിന്നു നേരിട്ടു മനസിലാക്കുന്നതിന് 11 പബ്ലിക് ഹിയറിംഗുകളാണ് നടത്തുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.
വ്യത്യസ്ത തൊഴിൽ മേഖലകളിൽ വനിതകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുന്നതിനോടൊപ്പം നിയമാവബോധം നൽകുകയും ഹിയറിംഗിൽ ഉരുത്തിരിഞ്ഞു വരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന് ശിപാർശ നൽകുകയും ചെയ്യുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ അറിയിച്ചു.