ഓസ്ട്രേലിയയ്ക്കെതിരായ ടി20 മത്സരങ്ങളുടെ പരമ്ബരയ്ക്ക് ഇന്ന് വിശാഖപട്ടണത്ത് തുടക്കമാകുകയാണ്.ഇന്ത്യയുടെ ടി20 നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിനാല്‍ സൂര്യകുമാര്‍ യാദവിനെയാണ് നായകനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ലോകകപ്പില്‍ കാര്യമായി തിളങ്ങാൻ പോലുമാകാതിരുന്ന സൂര്യയെ ക്യാപ്റ്റനാക്കിയതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് മലയാളി ആരാധകരില്‍ നിന്നും ഉയരുന്നത്.ഇപ്പോഴിതാ ശശി തരൂര്‍ എംപി ബിസിസിഐയെ തന്നെ ചോദ്യം ചെയ്തു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യൻ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതിന് ബിസിസിഐ സെലക്ടര്‍മാര്‍ മറുപടി പറയാൻ ബാധ്യസ്ഥരാണെന്നും ശശി തരൂർ എംപി പറഞ്ഞു.
ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സ് നായകനായി തിളങ്ങിയിട്ടുള്ള സഞ്ജു സാംസണ്‍ ഉണ്ടായിരിക്കെ, ക്യാപ്റ്റൻസിയില്‍ മുൻപരിചയം ലവലേശമില്ലാത്ത സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കുന്നത് എന്തുകൊണ്ടാണെന്ന് തരൂര്‍ ചോദിച്ചു. “ഇതൊരിക്കലും ന്യായീകരിക്കാവുന്നതല്ല. സഞ്ജു സാംസണെ ടീമില്‍ എടുത്തില്ലെന്ന് മാത്രമല്ല, സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ക്യാപ്റ്റനാക്കുന്നതിലും വീഴ്ച വരുത്തിയിരിക്കുകയാണ്. കേരള രഞ്ജി ടീമിലേയും രാജസ്ഥാൻ റോയല്‍സിലേയും സഞ്ജുവിന്റെ ക്യാപ്റ്റൻസി പരിചയസമ്ബത്ത് നിലവിലെ ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിനേക്കാള്‍ കൂടുതലാണ്. നമ്മുടെ സെലക്ടര്‍മാര്‍ ക്രിക്കറ്റ് പ്രേമികളായ പൊതുജനങ്ങളോട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം.” തരൂർ പറഞ്ഞു.
സഞ്ജു കളിച്ച അവസാന അഞ്ച് ഇന്നിംഗ്സുകളില്‍ രണ്ട് വെടിക്കെട്ട് ബാറ്റിംഗ് നടത്തിയിരുന്നു.കൂടാതെ അയര്‍ലൻഡിനെതിരായ അവസാന ടി20യില്‍ 26 പന്തില്‍ നിന്ന് 40 റണ്‍സാണ് മലയാളി താരം നേടിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി 31 ബോളിൽ 52 റൺസും താരം അടുത്തിടെ നേടിയിരുന്നു. ലോകകപ്പ് അടുത്തപ്പോള്‍ ഏകദിന ടീമില്‍ നിന്ന് സഞ്ജുവിനെ പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ടി20 ലോകകപ്പ് വരാനിരിക്കെ ടി20 ടീമില്‍ നിന്നും തഴയുകയാണെന്നും തരൂര്‍ ബിസിസിഐ ക്കെതിരെ ട്വീറ്റ് പങ്കുവച്ച് കൊണ്ട് ചൂണ്ടിക്കാട്ടി.
.