കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവൻഷനിൽ നടന്ന സ്ഫോടനം മലയാറ്റൂരിലെ കടുവൻകുഴി പ്രദീപന്റെ കുടുംബത്തിലെ 3 ജീവനുകളാണ് കവർന്നത്. 18 ദിവസത്തിനിടയിലാണ് ആ മരണങ്ങൾ നടന്നത് . പ്രദീപന്റെ ഭാര്യയും 2 മക്കളും സ്ഫോടനത്തിൽ മരിച്ചു. സ്ഫോടനം നടന്നതിനു പിറ്റേന്നു പുലർച്ചെയാണ് മകൾ ലിബ്നയുടെ (12) മരണം. ഭാര്യ സാലി (45) നവംബർ 11നും മൂത്ത മകൻ പ്രവീൺ (24) 16നും മരിച്ചു.
സ്ഫോടനം നടന്ന അന്നുമുതൽ അബോധാവസ്ഥയിലായിരുന്ന പ്രവീൺ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. അവസാന നിമിഷങ്ങളിൽ പ്രവീൺ ചുണ്ടുകൾ ചലിപ്പിച്ച് അവ്യക്തമായി എന്തോ പറയാൻ ശ്രമിച്ചിരുന്നു. അമ്മയും അനുജത്തിയും മരിച്ചതറിയാതെ പ്രവീണും ഒടുവിൽ വിടവാങ്ങി. ചെന്നൈയിൽ മറൈൻ മെക്കാനിക്കായിരുന്ന പ്രവീൺ കൺവൻഷനിൽ പങ്കെടുക്കാനായി 10 ദിവസം അവധിയെടുത്തു നാട്ടിൽ വന്നതാണ്.
സ്വന്തമായി വീടില്ലാത്ത പ്രദീപന്റെ കുടുംബത്തിന് ഒന്നര വർഷം മുൻപു പ്രവീണിനു ലഭിച്ച ജോലി പ്രതീക്ഷയായിരുന്നു. ആ പ്രതീക്ഷ പാതിവഴിയിൽ പൊലിഞ്ഞു. സാലിയും മൂന്നു മക്കളും ഒരുമിച്ചാണു കൺവൻഷനിൽ പങ്കെടുക്കാൻ പോയത്. പാചകത്തൊഴിലാളിയായ പ്രദീപൻ ജോലിത്തിരക്കു കാരണം പോയില്ല.
ഗുരുതരമല്ലാത്ത പൊള്ളലേറ്റ ഇളയ മകൻ രാഹുലിനെ ചികിത്സയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു.
ദുരന്തത്തിൽ നിന്നു ജീവിതത്തിലേക്കു മടങ്ങിയെത്തിയതു രാഹുൽ മാത്രം. അങ്കമാലിയിൽ സ്വകാര്യ വർക്‌ഷോപ്പിൽ മെക്കാനിക്കാണു രാഹുൽ. പ്രദീപന് ഇനി സ്വന്തം സങ്കടം പങ്കുവയ്ക്കാൻ കൂട്ട് ഇളയമകൻ രാഹുൽ മാത്രം.