കോട്ടയം: കോട്ടയം അതിരമ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഗാർഹിക പീഡന പരാതിയുമായി കുടുംബം. 24 വയസുകാരി ഷൈമോൾ സേവ്യറെ ഭർത്താവും ബന്ധുക്കളും ചേർന്ന് നിരന്തര ശാരീരിക മാനസിക പീഡനത്തിന് വിധേയയാക്കിയെന്നാണ് ആരോപണം. യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയ പൊലീസ് ഭർത്താവിനെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങി.
നാല് വർഷം മുമ്പാണ് ഷൈമോൾ അതിരമ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ അനിൽ സേവ്യറിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ആദ്യം സന്തോഷകരമായാണ് ഇരുവരും ജീവിച്ചതെങ്കിലും കഴിഞ്ഞ കുറേ നാളുകളായി അനിൽ ഷൈമോളെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച മനം മടുത്ത് ഭർതൃ വീട്ടിൽ നിന്ന് ഷൈമോൾ സ്വന്തം വീട്ടിലെത്തി. ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് അനിലിന്റെ വീട്ടുകാർ ഉറപ്പ് നൽകിയതോടെയാണ് മടങ്ങി പോയത്. എന്നാൽ ചൊവ്വാഴ്ച രാവിലെ അമ്മയെ ഫോണിൽ വിളിച്ച ഷൈമോൾ വീണ്ടും അനിലിന്റെ ഉപദ്രവത്തെ പറ്റി പരാതി പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം ഷൈമോളുടെ മരണ വാർത്തയാണ് കുടുംബത്തെ തേടിയെത്തിയത്.
ഷൈമോൾ തൂങ്ങി മരിക്കാൻ ശ്രമിച്ച കാര്യം ഭർതൃ വീട്ടുകാർ അറിയിക്കാൻ വൈകിയതിൽ കുടുംബത്തിന് സംശയമുണ്ട്. ഷൈമോളുടെ ചെവിയിൽ നിന്ന് ചോര വാർന്നതും കൈത്തണ്ടയിൽ ഉണ്ടായിരുന്ന പാടുകളും മരണത്തിൽ ദുരൂഹത ഉന്നയിക്കാനുള്ള കാരണങ്ങളാണ്. എന്നാൽ മരണം ആത്മഹത്യ തന്നെയെന്ന് ഏറ്റുമാനൂർ പൊലീസ് സ്ഥിരീകരിക്കുന്നു. ഷൈമോളും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗാർഹിക പീഡനം ഉൾപ്പെടെ ഷൈമോളുടെ കുടുംബം ഉന്നയിച്ച പരാതികളിൽ വിശദമായ അന്വേഷണത്തിന് ശേഷം ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരായ നടപടി തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)