കൊച്ചി: പോപ്പുലർഫ്രണ്ട് കേസിൽ ഒരു പ്രതിക്കെതിരെ കൂടി എൻഐഎ കുറ്റപത്രം നൽകി. പട്ടാമ്പി സ്വദേശി കെ വി സഹീറിനെതിരെ ആണ് കൊച്ചി എൻ ഐ എ കോടതിയിൽ കുറ്റപത്രം നൽകിയത്. 59 പ്രതികേൾക്കെതിരെ നേരെത്തെ കുറ്റപത്രം നൽകിയിരുന്നു. പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസിന് പിറകെ ഒളിവിൽ ആയിരുന്ന പ്രതിയെ എൻഐഎ പിടികൂടുകയായിരുന്നു. കേരളം കേന്ദ്രീകരിച്ചുള്ള ഭീകര പ്രവർത്തനങ്ങളിൽ സഹീർ പ്രധാന പങ്കാളി എന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത പോപ്പുലർഫ്രണ്ട് കേസിൽ ഇക്കഴിഞ്ഞ മാർച്ചിൽ എൻഐെ അന്തിമ റിപ്പോർട്ട് നൽകിയിരുന്നു.
ഇതരമതസ്ഥർക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് 59 പ്രതികൾക്കെതിരെ നേരത്തെ നൽകിയ കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കിയിരുന്നത്. ജനങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കി സമാധാനാന്തരീക്ഷം തകർക്കാനായിരുന്നു ഇവരുടെ നീക്കമെന്നും ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം കൊണ്ടുവരാനാണ് പ്രതികൾ ശ്രമിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. മുസ്ലീം യുവാക്കൾക്കിടയിൽ ആയുധ പരിശീലനം നടത്താനും പോപ്പുലർ ഫ്രണ്ട് ശ്രമിച്ചതായി റിപ്പോർട്ടിലുണ്ട്. 2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചത്. ഇതിനായി പണസമാഹരണം നടത്തിയെന്നും എൻഐഎ പറയുന്നു. ഭീകരസംഘടനയായ ഐഎസിന്റെടയടക്കം പിന്തുണയോടെ രാജ്യത്ത് അരക്ഷിതമാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം.
തങ്ങളുടെ നീക്കങ്ങൾക്ക് തടസം നിൽക്കുന്നവരെ ഉൻമൂലനം ചെയ്യാനും പിഎഫ്ഐ പദ്ധതിയിട്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നിരോധിത സംഘടനായായ ഐ.എസിനെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിന്തുണച്ചതും ഇതേ ലക്ഷ്യത്തോടെയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പോപ്പലുർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാം നിര, മൂന്നാം നിര നേതാക്കളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം. പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡും നേരത്തെ നടത്തിയിരുന്നു.