നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ഗുജറാത്തില്‍ പത്തു പേര് മരിച്ചിരുന്നു. ഇതിനുപിന്നാലെ കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ കഠിന വ്യായാമങ്ങളും കഠിന ജോലികളും കുറച്ചു കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിർദ്ദേശവും നൽകി.
ഇതിനെക്കുറിച്ച് ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്) അടുത്തിടെ വിശദമായ പഠനം നടത്തുകയുണ്ടായി. തുടർന്ന് കോവിഡ് രോഗം ഗുരുതരമായി ബാധിച്ചവര്‍ കഠിന ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ശുപാര്‍ശ ചെയ്തു.
‘തുടര്‍ച്ചയായ അധ്വാനം, കഠിനമായ വ്യായാമം എന്നിവയിൽ നിന്ന് അവര്‍ ഒരു നിശ്ചിത കാലത്തേക്ക്, അതായത് ഒന്നോ രണ്ടോ വര്‍ഷത്തേക്ക് വിട്ടുനില്‍ക്കണം. അതുവഴി ഹൃദയാഘാതം തടയാൻ കഴിയും’ എന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.
ഇനി കോവിഡും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം എന്താണെന്ന് പരിശോധിക്കാം :
കോവിഡും സാർസ്-കോവി-2 പോലുള്ള കോവിഡിന്റെ വകഭേദങ്ങളും രക്തധമനിയുടെ കോശങ്ങളെ ബാധിക്കുന്നതിനാൽ ഇതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത വർദ്ധിക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണ്ടെത്തൽ. ഇതിന്റെ ഫലമായി രക്തധമനികൾ ദൃഢമാവുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്നത് വഴി നീരുകെട്ടി അത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും എന്നും ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കോവിഡ് കാരണമാകുമെന്ന് ഗവേഷകരും ഡോക്ടർമാരും നേരത്തെ തന്നെ സൂചന നൽകിയിരുന്നു.
കോവിഡ് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയാക് സയൻസസ് ചെയർമാൻ ഡോ. അജയ് വ്യക്തമാക്കി. കോവിഡ് ബാധിച്ചതിന് ശേഷമുള്ള വർഷത്തിൽ ആളുകൾക്ക് ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനങ്ങൾ പറയുന്നു. ഇത് ആളുകൾക്ക് സ്ട്രോക്ക് ഉണ്ടാക്കാനുള്ള സാധ്യത ഒന്നര മടങ്ങ് വർദ്ധിപ്പിക്കുന്നു. കൂടാതെ കോവിഡിന് ശേഷം ആളുകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയായും പ്രതീക്ഷിക്കാം.
എന്നാൽ രക്താതിസമർദ്ദം നേരിടുന്ന രോഗികളിലാണ് കോവിഡിന് ശേഷമുള്ള ഹൃദ്യയാഘാതം കൂടുതലായി കണ്ടെത്തിയതെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. അതിനാൽ ഉയർന്ന രക്തസമ്മർദ്ദം ഇതിൽ ഒരു പ്രധാന ഘടകമാണ്. രക്തം പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ ബാധിക്കുന്ന ഹൃദയപേശികളുടെ തകരാറായ കാർഡിയോമയോപ്പതിക്ക് കോവിഡ് കാരണമാകുന്നുണ്ടെന്ന് ജോൺ ഹോപ്കിൻസ് മെഡിസിനിൽ നിന്നുള്ള വിദഗ്ധർ വെളിപ്പെടുത്തി.
അതേസമയം കോവിഡിന് ശേഷം ഇന്ത്യയിൽ ഹൃദ്യോഗങ്ങൾ വലിയ രീതിയിൽ വർധിച്ചുവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ഇന്ത്യയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങളുടെ എണ്ണം സ്ഥിരമായി 25,000 ൽ അധികവും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 28,000 ൽ അധികവുമാണെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കൂടാതെ ഇന്ത്യയിലെ 322 ജില്ലകളിലായി നടത്തിയ സർവേയിൽ, 72 ശതമാനം ആളുകളിലും 2020 മാർച്ചിനുശേഷം മസ്തിഷ്കാഘാതം, ഹൃദയസ്തംഭനം, ഹൃദയാഘാതം, കാൻസർ തുടങ്ങിയ രോഗവസ്ഥകൾ അധികമായതായും കണ്ടെത്തി. 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെയുള്ള കാലയളവിൽ ഇത്തരം കേസുകളിൽ 21 ശതമാനത്തിന്റെ അധിക വർദ്ധനയും സര്‍വേയിൽ നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇത് ഇന്ത്യയിൽ മാത്രമല്ല. അമേരിക്കയിലും
യുകെയിലുമൊക്കെ കോവിഡിനു ശേഷം ഹൃദയ സംബന്ധമായ മരണങ്ങൾ ഗണ്യമായി വർദ്ധിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ.