CrimeNEWS

പിടിക്കപ്പെടാതിരിക്കാൻ ജില്ലയിൽ പ്രവേശിക്കുമ്പോൾ ഉപയോഗിച്ചിരുന്നത് കൂട്ടുകാരുടെ മൊബൈൽ! കാപ്പ ചുമത്തി നാടുകടത്തിയ പ്രതി എന്നിട്ടും കുടുങ്ങി

ഹരിപ്പാട്: കാപ്പ ചുമത്തി നാടുകടത്തിയ പ്രതി വീണ്ടുമെത്തിയതോടെ സാഹസികമായി പിടികൂടി പൊലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുമാരപുരം പൊത്തപ്പള്ളി കടുരേത്ത് വിഷ്ണു (സുറുതി വിഷ്ണു- 30) ആണ് പൊലീസ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം എറണാകുളം റേഞ്ച് ഡിഐജിയാണ് മെയ് മാസത്തിൽ കാപ്പ ചുമത്തി നാടുകടത്തിയത്.

ഫോൺ ഉപയോഗിക്കാതെ ജില്ലയിൽ പ്രവേശിക്കുന്ന പ്രതി കൂട്ടുകാരുടെ മൊബൈലാണ് ഉപയോഗിച്ചിരുന്നത്. പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പിടിയിലായത്. 2022 ഫെബ്രുവരിയിൽ ശരത് ചന്ദ്രനെ കൊലപ്പെടുത്തിയ കേസിലും അനന്തപുരം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിയെ കുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. ഹരിപ്പാട് എസ്എച്ച്ഒ ശ്യാംകുമാർ വി, എസ് ഐ മാരായ ഷഫീഖ്, ഷൈജ, സി പി ഓമാരായ നിഷാദ് എ, പ്രമോദ്, കിഷോർ, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Signature-ad

അതേസമയം, കാപ്പ നിയമം ലംഘിച്ച് നാട്ടിലെത്തിയ പ്രതി പൊലീസിനെ കണ്ടപ്പോൾ പുഴയിൽ ചാടിയ സംഭവം കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. കണ്ടൽക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ ഫയർഫോഴ്സിന്‍റെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. കണ്ണൂർ തലശ്ശേരിയിലായിരുന്നു സംഭവം. സ്ഫോടക വസ്തു കൈവശം വച്ചതിനുൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയാണ് തലശ്ശേരി നടമ്മൽ ജിതിൻ. ഇയാളെ ഈ മാസം 19ന് കാപ്പ ചുമത്തി നാടുകടത്തുകയായിരുന്നു. ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി.

കഴിഞ്ഞ ദിവസം ജിതിൻ വീട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടി. വീട്ടിൽ പൊലീസെത്തിയപ്പോൾ ജിതിൻ മുന്നിൽപ്പെട്ടു. സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടതോടെ ജിതിൽ ഓടി. തൊട്ടടുത്ത കുയ്യാലിപ്പുഴയിൽ ചാടുകയായിരുന്നു. പൊലീസ് പ്രതിയുടെ പിന്നാലെച്ചാടാതെ ഫയർഫോഴ്സിന്‍റെ സഹായം തേടി. കണ്ടൽക്കാട്ടിൽ ഒളിച്ചിരിക്കുന്ന ജിതിനെ ഫയർഫോഴ്സ് സംഘം കണ്ടെത്തി കയ്യോടെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

Back to top button
error: