ഉള്ളിലെ നന്മയെ ജ്വലിപ്പിച്ചെടുക്കൂ, നന്മയുടെ പാതയിലൂടെ ആശങ്കകളില്ലാതെ ചരിക്കൂ
ഹൃദയത്തിനൊരു ഹിമകണം 5
ആശയം: സുനിൽ കെ ചെറിയാൻ
ഒരു സ്ത്രീയുടെ ഭർത്താവ് മരിച്ചു പോയി. ആ സ്ത്രീ ഒരു ഗുരുവിന്റെ അടുക്കൽ ചെന്ന് ഒരു കാര്യം പറഞ്ഞു.
”എന്റെ ഭർത്താവ് ഊണ് കഴിക്കാനിരിക്കുമ്പോൾ നിലത്ത് ഒരു സൂചിയും ഒരു കോപ്പ വെള്ളവും വയ്ക്കുമായിരുന്നു. എന്തിനെന്ന് പലവട്ടം ചോദിച്ചിട്ടും അദ്ദേഹം ഒന്നും പറഞ്ഞില്ല. അതൊരിക്കലും ഉപയോഗിച്ചിട്ടുമില്ല. അദ്ദേഹത്തിന് എന്നെ ഇഷ്ടമായിരുന്നില്ലേ?”
പറഞ്ഞു വന്നപ്പോൾ ശബ്ദം ഇടറിയെങ്കിലും അവർ തുടർന്നു:
“ഇപ്പോഴിതാ, ആ രഹസ്യം വെളിപ്പെടുത്താതെ അദ്ദേഹം മരിച്ചിരിക്കുന്നു. എന്താണ് സൂചിയുടെയും വെള്ളത്തിന്റെയും പൊരുൾ?”
ഗുരു പറഞ്ഞു:
”നീ ചോറ് വിളമ്പുമ്പോൾ നിലത്ത് വീണേക്കാവുന്ന പറ്റ് എടുക്കാനാണ് സൂചി; കോപ്പയിലെ വെള്ളത്തിൽ അത് കഴുകാനും. നിന്റെ ശ്രദ്ധ കൊണ്ട് അതിന്റെ ആവശ്യമുണ്ടായില്ല.”
പലപ്പോഴും നമ്മൾ അകാരണമായി ആകുലപ്പെടുകയാണ്. വിചാരിക്കുന്നതിലപ്പുറം നാം നല്ലവർ തന്നെയാണ്. സ്വന്തം ഗുണഗണങ്ങപ്പറ്റി വ്യാകുലപ്പെടാതെ നന്മയുടെ പാതയിലൂടെ ആശങ്കകളില്ലാതെ സഞ്ചരിക്കൂ
അവതരണം: പ്രീത സതീഷ്