IndiaNEWS

പല പ്രമുഖ സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങളുടെയും പരസ്യങ്ങളിലെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടു; നോട്ടീസ് അയച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി; ഒരു ലക്ഷം രൂപ വീതം പിഴ!

ദില്ലി: വ്യാജ അവകാശ വാദങ്ങളുന്നയിച്ച് പരസ്യം നൽകുന്ന സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. പല പ്രമുഖ സ്ഥാപനങ്ങളുടെയും പരസ്യങ്ങളിലെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. സിവിൽ സർവീസ് മോഹവുമായി എത്തുന്ന നിരവധി ഉദ്യോഗാർത്ഥികൾ കബളിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണിതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചീഫ് കമ്മീഷണ‌ർ നിധി ഖരെ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ 20 പ്രമുഖ പരിശീലന സ്ഥാപനങ്ങൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് നൽകിയത്. ഈ സ്ഥാപനങ്ങളിൽ പഠിച്ച് സിവിൽ സർവ്വീസ് നേടിയവരെക്കുറിച്ച് വ്യാജ അവകാശവാദമുന്നയിച്ച് പരസ്യം നല്കിയതിനാണ് നോട്ടീസ്. മൂന്ന് സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയീടാക്കുകയും ചെയ്തു. കോച്ചിങ് സ്ഥാപനങ്ങൾ സൗജന്യമായി സംഘടിപ്പിക്കുന്ന മോക്ക് ടെസ്റ്റുകളിൽ യുപിഎസി പ്രിലിംസും മെയിൻസും കടന്നവർ പങ്കെടുക്കാറുണ്ട്. മോക്ക് ടെസ്റ്റുകളിൽ മാത്രം പങ്കെടുത്തവർ സ്ഥാപനത്തിൽ പഠിച്ച് സിവിൽ സർവ്വീസ് നേടി എന്ന വ്യാജ പരസ്യങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി തുടങ്ങിയത്.

Signature-ad

പ്രതിവർഷം യുപിഎസി സിവൽ സർവീസുകളിലേക്ക് തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളുടെ എണ്ണം ഏകദേശം ആയിരത്തിനടുത്തു വരും. എന്നാൽ ഇതിന്റെ മൂന്നു മടങ്ങോളമാണ് ഈ കേന്ദ്രങ്ങൾ അവകാശപ്പെടുന്ന വിജയികളുടെ ആകെ എണ്ണം. ഉടൻ തന്നെ പരസ്യങ്ങൾ എല്ലായിടത്തു നിന്നും നീക്കണമെന്നും വസ്തുതകൾ മാത്രം പരസ്യങ്ങളിൽ നല്കണമെന്നുമാണ് അതോറിറ്റിയുടെ നിർദേശം. നിലവിൽ നോട്ടീസിനെതിരെ ചില കോച്ചിങ് സെന്ററുകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. കോച്ചിങ് സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ വിശ്വസിച്ച എത്രയോ പേരുടെ ഭാവി ഇതിനോടകം പ്രതിസന്ധിയിലായി കഴിഞ്ഞു. കർശന നടപടികൾ ഇനിയും ഉണ്ടായില്ലെങ്കിൽ സ്ഥാപനങ്ങളുടെ ഈ ചൂഷണം തുടരുകയേ ഉള്ളുവെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു.

Back to top button
error: