വയനാട്: കൽപ്പറ്റയിൽ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന എംആര്‍ഐ സ്കാനിംഗ് കേന്ദ്രം ആരോഗ്യവകുപ്പ് സീൽ ചെയ്തു. ഡോക്ടർ ഷാജീസ് ഡയഗ്നോസിസ് സെന്ററാണ് അടച്ചുപൂട്ടിയത്. സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും അത് മുഖവിലയ്ക്ക് എടുക്കാതെ സ്ഥാപനം പ്രവർത്തിച്ചിരുന്നു.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആയിരുന്നു നടപടി. പിസിപിഎൻഡിടി ആക്ട് പ്രകാരം ആണ് സ്ഥാപനം അടപ്പിച്ചത്. ജില്ലാവികസന സമിതിക്ക് മുമ്പാകെ സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന പരാതി എത്തി. പിന്നാലെ നടത്തിയ പരിശോധനയിൽ പരാതി ശരിയെന്നു തെളിഞ്ഞു.
സെപ്റ്റംബർ 27ന് സ്റ്റോപ്പ് മെമ്മോയും നൽകി. ലൈസൻസ് നേടിയ ശേഷം തുറന്നാൽ മതി എന്നായിരുന്നു നിർദേശം. ലൈസന്‍സ് ലഭ്യമാക്കാനുള്ള ശ്രമം തുടരുന്നു എന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം. എട്ട് വര്‍ഷമായി കൈനാട്ടിയില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. രേഖകളില്ലാതെ എങ്ങിനെ ഈ സ്ഥാപനം പ്രവര്‍ത്തിച്ചുവെന്നാണ് ഉയരുന്ന ചോദ്യം. സംസ്ഥാനത്ത് പലയിടത്തും ശാഖകളുള്ള സ്ഥാപനമാണ് ഡോക്ടര്‍ ഷാജീസ് ഡയഗ്നോസിസ് സെന്‍റര്‍.